Fri. Apr 26th, 2024
നാദാപുരം:

പാറക്കടവങ്ങാടിയിൽ ദിവസങ്ങളായി അടഞ്ഞു കിടന്ന കടയിലെ പക്ഷികളും മുയലുകളും ചത്തു. ചെക്യാട് റോ‍ഡിൽ മുസ്‌ലിം ലീഗ് ഓഫിസിനോടു ചേർന്നുള്ള കടയിൽ കർണാടക സ്വദേശി നാസർ പക്ഷി മൃഗാദികളെ വിൽക്കുന്നതിനായി നടത്തിയിരുന്ന സ്ഥാപനം ലോക് ഡൗണിൽ തുടർച്ചയായി തുറക്കാൻ കഴിയുന്നില്ലായിരുന്നു. ഇതോടെയാണ് ഉടമ നാട്ടിലേക്കു പോയത്.

ആരും തിരിഞ്ഞു നോക്കാതെ ആയതോടെ തീറ്റയും വെള്ളവും കിട്ടാതെയാണ് ഇവ ചത്തത്. തീറ്റയും വെള്ളവും നൽകാൻ ആളെ ഏർപ്പാടു ചെയ്തിരുന്നതായി കടയുടമ പറയുന്നെങ്കിലും ആരെന്നു വ്യക്തമല്ല.അസഹനീയമായ ദുർഗന്ധം കാരണം നാട്ടുകാർ കടയുടെ ഷട്ടർ തുറന്നപ്പോഴാണു പക്ഷികളുടെയും മുയലുകളുടെയും ദിവസങ്ങൾ പഴക്കമുള്ള ജഡങ്ങൾ കൂടിനകത്തു കണ്ടെത്തുന്നത്.

ചെക്യാട് പഞ്ചായത്ത് ഡി കാറ്റഗറിയിലായതോടെയാണു കട പൂർണമായി തുറക്കാതായത്. സംഭവം സംബന്ധിച്ചു അന്വേഷണം നടത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് അധികൃതർക്കു വിവരം നൽകിയിട്ടുണ്ട്.

ജീവികൾ കൂട്ടത്തോടെ ചത്ത സംഭവം അപലപനീയമാണെന്നു പ്രസിഡന്റ് പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ തുറന്നു ജീവികൾക്കു ഭക്ഷണവും വെള്ളവും നൽകാനുള്ള ക്രമീകരണം പൊലീസുമായി ആലോചിച്ചു ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു.