Sat. Jan 18th, 2025
പനച്ചിക്കാട്:

പഞ്ചായത്ത് അധികൃതർ അറിയാതെ കോവിഡ് കാരണം പറഞ്ഞ് റോഡ് അടച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു പൊലീസ് എത്തി വഴി തുറന്നു. 3–ാം വാർഡിൽ കൊല്ലംകവല – കിഴക്കുപുറം റോഡിലാണ് ബാരിക്കേഡും ബാനറും വച്ച് തടസ്സമുണ്ടാക്കിയത്. പോസിറ്റീവായ 5 കേസുകൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

കൊല്ലംകവലയിലാണ് ബാരിക്കേഡ് സ്ഥാപിച്ചത്. ഇരുമ്പ് പൈപ്പുകൾ കെട്ടി വഴിയടച്ചിടത്ത് പുതുപ്പള്ളി പഞ്ചായത്തിന്റെ ബാനറാണ് കെട്ടിയത്. പനച്ചിക്കാട് പഞ്ചായത്തുമായി ആലോചിക്കാതെ സമീപ പഞ്ചായത്തിന്റെ ബാനർ കെട്ടി വഴി തടസ്സപ്പെടുത്തിയതിൽ പ്രതിഷേധം ഉയർന്നു.

പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വിഭാഗം എന്നിവർ അറിയാതെ പ്രതിപക്ഷ ജനപ്രതിനിധികളിൽ ചിലർ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വഴി അടച്ചെന്നാണ് ആരോപണം. ഇന്നലെ വൈകിട്ട് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തി. സംഭവത്തിൽ കോൺഗ്രസ്‌ കൊല്ലാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സിബി ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം പി കെ വൈശാഖ് പ്രസംഗിച്ചു.

By Divya