കോട്ടയം:
ചിരട്ടപ്പാൽ ഇറക്കുമതിയുടെ പ്രത്യാഘാതം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രവാണിജ്യ മന്ത്രാലയം നിർദേശം നൽകിയെങ്കിലും ആശങ്ക മാറാതെ റബർ കർഷകർ. വിലയിടിവിൽ നട്ടംതിരിയുന്ന കർഷകർക്ക് പുതിയ നീക്കം തിരിച്ചടിയാകുമെന്ന് വ്യക്തമായിട്ടും ഇതിൽനിന്ന് പൂർണമായി പിന്തിരിയാൻ വാണിജ്യമന്ത്രാലയം തയാറായിട്ടില്ല.
ചിരട്ടപ്പാലാക്കി റബർ വിൽക്കുന്ന രീതി സംസ്ഥാനത്ത് ഇല്ല. ബഹുഭൂരിപക്ഷവും ഷീറ്റ് റബർ വിൽക്കുന്നവരാണ്. ടാപ്പിങ് നടത്തി ലാറ്റക്സ് ചിരട്ടയിൽതന്നെ സൂക്ഷിക്കുന്നതാണ് ചിരട്ടപ്പാൽ എന്ന കപ്പ് ലമ്പ്. ഇതിൽ അസംസ്കൃത വസ്തുക്കൾ ചേർത്ത് അരച്ചുണ്ടാക്കുന്ന ഉൽപന്നമാണ് ലാറ്റക്സ്.
ഇപ്പോൾ റബർ ഇറക്കുമതിയുടെ 80-90 ശതമാനവും ലാറ്റക്സ് ക്രംബ് എന്ന ബ്ലോക്ക് റബറാണ്. ചിരട്ടപ്പാൽ ഇറക്കുമതിക്ക് അനുമതി നൽകിയാൽ റബർ മേഖലയുടെ തകർച്ച പൂർണമാകുമെന്നിരിക്കെ കേന്ദ്രനീക്കത്തിനെതിരെ സംസ്ഥാനത്തെ ചെറുകിട കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. വിഷയത്തിൽ റബർ ബോർഡ് തുടരുന്ന നിസ്സംഗത കർഷകരെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.
ബ്ലോക്ക് റബറിന് പകരം കപ്പ് ലമ്പ് ഇറക്കുമതി ചെയ്താൽ കിലോക്ക് 50 രൂപയിലേറെ അധികലാഭം വ്യവസായികൾക്ക് ലഭിക്കുമെന്നിരിക്കെ ടയർ ലോബിയുടെ താൽപര്യം സംരക്ഷിക്കലാണ് കേന്ദ്രനീക്കത്തിന് പിന്നിലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയിൽപെട്ട് റബർ വ്യവസായമേഖല തകരുമ്പോഴും കർഷകർക്ക് ആശ്വാസനടപടികളൊന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.
വിലത്തകർച്ച പരിഹരിക്കാൻ സംസ്ഥാനം പ്രഖ്യാപിച്ച പദ്ധതികളും ജലരേഖയായി. ഇതിനിടെയാണ് ചിരട്ടപ്പാൽ ഇറക്കുമതി. ചിരട്ടപ്പാൽ ഇറക്കുമതി വിപുലമാക്കാനാണ് കേന്ദ്ര തീരുമാനം. റബർ ഇറക്കുമതിയും നിർബാധം തുടരുകയാണ്. ഇതെല്ലാം റബർ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. 2019ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച റബർ നയവും കർഷകർക്ക് ഗുണകരമല്ല. ഇതിലെ പ്രഖ്യാപനങ്ങളും കർഷകർക്ക് തിരിച്ചടിയായി.
അതിനിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർകൃഷി വ്യാപനത്തിനുള്ള നീക്കം തകൃതിയാണ്. ഇത് കേരളത്തിലെ കർഷകരെയാകും ദുരിതത്തിലാക്കുക. കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടത്രെ. ഫലത്തിൽ കേരളത്തിൽ പുതിയ റബർകൃഷിക്കുള്ള സാധ്യതകളും അടയുകയാണ്.
രാജ്യത്തെ റബർ ഉൽപാദനത്തിൻ്റെ 90 ശതമാനവും കേരളത്തിലാണെങ്കിലും കേന്ദ്ര-സംസ്ഥാന നയങ്ങൾ ഇവിടുത്തെ കർഷകരെ വലക്കുകയാണ്. കേരളത്തിലെ കർഷകർ റബർ കൃഷിയിൽനിന്ന് പിന്മാറുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.