അടൂർ:
ആധുനിക സ്റ്റെതസ്കോപ് കണ്ടുപിടിക്കുന്നതിനുമുമ്പ് ഭാരതത്തിലെ വൈദ്യന്മാർ ഉപയോഗിച്ചിരുന്ന സ്റ്റെതസ്കോപ്പുകൾ അടൂരിലെ സ്വകാര്യ മ്യൂസിയത്തിൽ. അടൂർ തുവയൂര്‍ തെക്ക് മാഞ്ഞാലി വിളയില്‍ പുത്തന്‍വീട്ടിലെ ശില എന്ന വീട്ടുമ്യൂസിയത്തിലാണ് 193 വർഷം പഴക്കമുള്ള സ്റ്റെതസ്കോപ്പുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ശില മ്യൂസിയത്തിലെ ചരിത്രവസ്തുക്കളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രീൻ ആർട്ട് വിഷൻ യൂട്യൂബ് ചാനലിൽ വന്ന പുരാതന സ്റ്റെതസ്കോപ്പുകളെക്കുറിച്ച വിഡിയോ വൈറലായി.
ഇന്ത്യയിലെ മറ്റൊരു മ്യൂസിയത്തിലും ഇത്തരം സ്റ്റെതസ്കോപ്പുകൾ പ്രദർശനത്തിനില്ലെന്ന് മ്യൂസിയം ഡയറക്ടർ ശില സന്തോഷ് അവകാശപ്പെടുന്നു. പണ്ടുകാലങ്ങളിൽ രോഗിയുടെ ഹൃദയമിടിപ്പ് അറിയാൻ വൈദ്യൻ്റെ ചെവി രോഗിയുടെ നെഞ്ചിൽ വെച്ചായിരുന്നു നോക്കിയിരുന്നത്.
1816ൽ പാരിസിലെ നെക്കർ-എൻഫൻസ് മലഡെസ് ആശുപത്രിയിലെ റെനെ ലെനെക് എന്ന ഡോക്ടറാണ് ആദ്യമായി സ്റ്റെതസ്കോപ് കണ്ടുപിടിച്ചത്. അത് മരത്തിൻ്റെ കുഴലായിരുന്നു. പിന്നീട് വിവിധ കാലങ്ങളിലായാണ് പുതിയ വ്യത്യസ്ത സ്റ്റെതസ്കോപ്പുകൾ ആരോഗ്യരംഗത്ത് വന്നത്.
1828ലെ രണ്ട് സ്റ്റെതസ്കോപ്പാണ് ശില മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. തടിയിലും കൂട്ടുലോഹത്തിലും നിർമിച്ചതാണിവ. ലോഹനിർമിതമായ സ്റ്റെതസ്കോപ്പിൽ 1828 എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. ഇവ വ്യത്യസ്ത അളവിൽ നിർമിച്ചിരിക്കുന്ന കുഴലുകളാണ്.
പാലക്കാട്ടെ ഒരു മന പൊളിച്ചപ്പോൾ നിലവറയിൽനിന്നാണ് ഇത് കിട്ടിയതെന്ന് ശില സന്തോഷ് പറഞ്ഞു. ആദ്യം ഇതെന്താണെന്ന് അറിയില്ലായിരുന്നു. പിന്നീട് പഠനങ്ങൾക്കുശേഷമാണ് സ്റ്റെതസ്കോപ്പാണെന്ന് മനസ്സിലായതെന്നും സന്തോഷ് പറഞ്ഞു. വ്യത്യസ്തങ്ങളായ ഒട്ടേറെ അപൂർവ പുരാതനവസ്തുക്കൾ ഉള്ള ശില മ്യൂസിയത്തിൽ വിദ്യാർഥികളുൾപ്പെടെ എല്ലാവർക്കും സൗജന്യമായാണ് പ്രവേശനം.
സ്വന്തം വീട് മ്യൂസിയമാക്കിയതിനും സൗജന്യപ്രദര്ശനത്തിനും അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് നേടിയ ശില സന്തോഷ് അപൂർവ ഔഷധസസ്യങ്ങൾ ശേഖരിച്ച് തോട്ടം ഉണ്ടാക്കിയും ശ്രദ്ധ നേടിയിട്ടുണ്ട്.