പാലക്കാട്:
പെണ്ണുകാണൽ സൽക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വർണാഭരണവും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിയായ മധ്യവയസ്കനും അയാളുടെ അടുത്ത ബന്ധുവുമാണ് അക്രമത്തിനിരയായി കബളിപ്പിക്കപ്പെട്ടത്. 2021 മാർച്ച് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം.
പെണ്ണുകാണൽ ചടങ്ങിന് വിളിച്ചു വരുത്തി, കൈവശമുണ്ടായിരുന്ന ഏഴായിരം രൂപയും, സ്വർണമോതിരവും, മൊബൈൽഫോണുകളും പ്രതികൾ കവർച്ച ചെയ്തു. കൂടാതെ ഇവരിൽ നിന്നും എടിഎം കാർഡുകളും പിൻ നമ്പറും കൈവശപ്പെടുത്തി, നാലുലക്ഷത്തിലധികം രൂപ പിൻവലിക്കുകയും ചെയ്തിരുന്നു.
ഇവരുടെ പരാതിപ്രകാരം തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പാലക്കാട് കഞ്ചിക്കോട് ഈട്ടുങ്ങപ്പടി ബിനീഷ് (44), തിരുപ്പൂർ തോന്നാംപാളയം അംബേദ്കർ നഗർ അറുമുഖം എന്ന ശിവ (39), തേനി ആട്ടിപ്പെട്ടി കുമനൻതുളു പ്രകാശ് (40), തിരുപ്പൂർ മംഗളം റോഡ് കുറുവം പാളയം വിഘ്നേഷ് (23), തിരുപ്പൂർ മംഗളം റോഡ് ലിബ്രോ കോമ്പൌണ്ട് മണികണ്ഠൻ (27) തിരുപ്പൂർ മാക്കലിയമ്മൻ തെരുവ് ശെന്തിൽ (42), തിരുപ്പൂർ മംഗളം റോഡ് സഞ്ജയ് (35) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ പ്രസാദും സംഘവും അറസ്റ്റുചെയ്തത്.
പുനർവിവാഹം കഴിക്കുന്നതിനായി പത്രങ്ങളിൽ പരസ്യം നൽകുന്നവരും താരതമ്യേന പ്രായമായവരുമായ വ്യക്തികളെയാണ് ഇവർ ഇരകളായി കണ്ടെത്തുന്നത്. തുടർന്ന് ഫോണിലൂടെ ബന്ധപ്പെടുകയും തന്റെ സഹോദരിയെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യും. സുന്ദരിയും കുലീനത്വവുമുള്ള സ്ത്രീയാണ് തന്റെ സഹോദരി എന്ന് കാണിക്കുന്നതിനുവേണ്ടി ഏതെങ്കിലും ഒരു സ്ത്രീയുടെ ഫോട്ടോ വാട്സ് ആപ്പ് വഴി അയച്ചു കൊടുക്കുന്നു.
തമിഴ്നാട്ടിൽ താമസിക്കുന്ന മലയാളി കുടുംബമാണെന്നും സഹോദരിയുടെ ഭർത്താവ് മരണപ്പെട്ടുവെന്നും, കുട്ടികളോ, ബാധ്യതകളോ ഇല്ലെന്നും മറ്റും പറഞ്ഞ് വിശ്വാസം ആർജ്ജിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനുശേഷം, പൊള്ളാച്ചിയിലുള്ള കുടുംബക്ഷേത്രത്തിൽ ഗണപതി ഹോമവും പൂജയും നടത്തുന്നതിനായി താനും കുടുംബാംഗങ്ങളും എത്തുമ്പോൾ സഹോദരിയെ അവിടെയുള്ള ഫാം ഹൌസിൽ വെച്ച് കാണാമെന്നും അറിയിക്കുന്നു.
മൊബൈൽഫോണിലൂടെ പറഞ്ഞു നൽകിയ കാര്യങ്ങൾ വിശ്വസിച്ച് പെണ്ണുകാണൽ ചടങ്ങിന് എത്തുന്നവരെ പൊള്ളാച്ചിക്കടുത്തുള്ള ആളൊഴിഞ്ഞ തെങ്ങിൻ തോട്ടത്തിലേക്ക് അനുനയിച്ച് കൂട്ടിക്കൊണ്ടുപോകുന്നു. അസ്വാഭാവിക സാഹചര്യങ്ങളിലേക്ക് എത്തിപ്പെടുന്ന അവർ ചതിയിൽ കുടുങ്ങിയതായി തിരിച്ചറിയുന്നതിനു മുമ്പു തന്നെ, ഏതാനും ആളുകൾ അവരെ വളയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
അവരുടെ കൈകാലുകൾ ബന്ധിച്ച്, മർദ്ദിച്ച് അവശരാക്കുകയും മൊബൈൽ ഫോണുകളും, പണവും, സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും, പഴ്സും എടിഎം കാർഡുകളും കൈവശപ്പെടുത്തുകയും ചെയ്യുന്നു.
മരണഭയത്താൽ, ഇവരുടെ കൈവശമുള്ള എല്ലാം നൽകാൻ നിർബന്ധിതരാവുന്നു. അക്രമികൾ എടിഎം പിൻ നമ്പർ ആവശ്യപ്പെടുകയും, അത് നൽകിയ പ്രകാരം അവർ പുറത്ത് പോയി എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുകയും ചെയ്യുന്നു. ഇതിനുശേഷം, ക്ഷീണിതരും അവശരുമായ അവരെ അർദ്ധരാത്രി ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി ഇറക്കിവിടുന്നു.
പ്രതികൾ സമാനമായ രീതിയിൽ തട്ടിപ്പു നടത്തിയതിന് പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലും, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. തട്ടിപ്പിനിരയായ പലരും നാണക്കേട് ഓർത്ത് പരാതി പറയുന്നതിന് വിമുഖത കാണിക്കുന്നതിനാലാണ് പ്രതികൾ ഇത്തരത്തിലുള്ള അക്രമവും കവർച്ചയും തുടർന്നുപോന്നത്.