Fri. Apr 26th, 2024
മറയൂർ:

കർഷകർക്ക് പച്ചക്കറി വിളകൾ സംഭരിച്ചതിനുള്ള കുടിശ്ശികത്തുക ഉടൻ നടത്തുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചതിൽ കർഷകർ പ്രതീക്ഷയിൽ. കാന്തല്ലൂർ വട്ടവടയിൽ ശീതകാല പച്ചക്കറി കർഷകർക്കായി ഹോർട്ടികോർപ് നൽകുവാനുള്ളത് 40 ലക്ഷത്തിലധികം രൂപയാണ്. മിക്ക കർഷകർക്കും 50000 രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരെ തുക നൽകുവാനുണ്ട്.

ഇതിനാൽ തന്നെ മറ്റു ഉപജീവന മാർഗ്ഗമില്ലാതെ കടംവും മറ്റും വാങ്ങി വീണ്ടും വീണ്ടും കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലാകുന്നു. മുൻ കൃഷിമന്ത്രി വി എസ് സുനിൽകുമാർ നേരിട്ട് ഇടപെട്ട് എത്രയും വേഗം കുടിശ്ശിക തുക നൽകുവാനുള്ള നടപടിക്ക് നിർദ്ദേശം നൽകിയെങ്കിലും ഇതും ഹോർട്ടികോർപ്പ് ചെവിക്കൊണ്ടിരുന്നില്ല. നിലവിൽ പ്രദേശത്തെ മിക്ക കർഷകരും കടക്കെണിയിലകപ്പെട്ടിരിക്കുകയാണ്.

ഇത്തരത്തിൽ കർഷകന് കൈത്താങ്ങ് ആകേണ്ട ഹോർട്ടികോർപ് കർഷകന് വെല്ലുവിളിയായിരിക്കുകയാണ് നിലവിൽ. തുടർച്ചയായുള്ള കഴിഞ്ഞ രണ്ട് പ്രളയവും രണ്ട് ലോക്ഡൗണിലുമായി പ്രദേശത്തെ കർഷകർ കഴിഞ്ഞ 3 വർഷങ്ങളായി പ്രതിസന്ധിയിലാണ്.

ഇപ്പോൾ ഓണക്കാലം വിപണിക്കായി കാന്തല്ലൂർ വട്ടവട പഞ്ചായത്തുകളിൽ ശീതകാല പച്ചക്കറി വിളകൾ പാകമായി തുടങ്ങിയിരിക്കുകയാണ്. ഇതു സംഭരിക്കാൻ വിഎഫ്പിസികെ ഹോർട്ടികോർപ്പ് തയാറെടുക്കുമെങ്കിലും മുൻ കുടിശിക ലഭിക്കാത്തത് കർഷകർക്ക് തിരിച്ചടിയാകും. എന്നാലും വിറ്റഴിക്കാൻ കഴിയാതെ സാധിക്കുകയുമില്ല.

കുടിശ്ശിക തുക നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ സംഭരണ കേന്ദ്രങ്ങൾ സംഭരിച്ചില്ലെങ്കിൽ ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരും. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇന്നലെ നിയമസഭയിൽ മന്ത്രി കുടിശ്ശിക ഉടൻ നൽകാനുള്ള തീരുമാനം അറിയിച്ചത്. ഇതു കർഷകർക്ക് ഏറെ ആഹ്ളാദം പകരുന്നു.

TAGS:

By Divya