Thu. Apr 25th, 2024
കൽപ്പറ്റ:

സാമൂഹ്യ വിരുദ്ധ വാട്സാപ്പ്‌ ഗ്രൂപ്പുകളിൽ വിദ്യാർത്ഥികൾ സജീവമാകുന്നതിനാൽ സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കി. ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ ഇന്റർനെറ്റ്‌ നമ്പർ ഉപയോഗിച്ച് നിർമിച്ച വാട്സാപ്പ്‌ ഗ്രൂപ്പുകൾ സജീവമാകുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ തമ്മിലുള്ള പോർവിളികളും ഗ്രൂപ്പിൽ സജീവമാകുന്നതായി സൈബർ പൊലീസിന്റെ നിരീക്ഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അറക്കൽ തറവാട്, മരണ ഗ്രൂപ്പ്‌ തുടങ്ങിയ പേരുകളിലാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഓൺലൈൻ ക്ലാസുകളുടെ മറവിലാണ് വിദ്യാർത്ഥികൾ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നത്. ഒരു വാട്സാപ്പിനുള്ളിൽ രഹസ്യമായ മറ്റൊരു വാട്സാപ്പ്‌ അക്കൗണ്ട് സൗകര്യമുള്ള സംവിധാനത്തിലാണ് വിദ്യാർത്ഥികളുടെ നിയമ വിരുദ്ധ പ്രവർത്തനം നടക്കുന്നത്.

സോഷ്യൽ മീഡിയ അനലൈസിന്റെ ഭാഗമായി വയനാട് സൈബർ ക്രൈം പൊലീസിന്റെ പരിശോധനയിലാണ്‌ ഈ കണ്ടെത്തൽ. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനത്തിനായി വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന സിംകാർഡ്, മൊബൈൽ ഫോൺ എന്നിവയുടെ ഉടമകളായ രക്ഷിതാക്കൾ അടക്കമുള്ളവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇക്കാര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും വയനാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി കെ ജിജീഷ് അറിയിച്ചു.