Wed. Jan 22nd, 2025
കോഴിക്കോട്:

വാക്സീൻ ബുക്ക് ചെയ്യാൻ എങ്ങനെയൊക്കെ നോക്കിയിട്ടും സ്ലോട്ടുകൾ ലഭിക്കുന്നതേയില്ല. എന്നാൽ, വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപത്തുകൂടി പോയാൽ ചിലപ്പോൾ ആദ്യ ഡോസ് എടുത്തതായി സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം. പന്നിയങ്കര സ്വദേശിയായ ബിരുദ വിദ്യാർത്ഥിനി ശനിയാഴ്ച പള്ളിക്കണ്ടി അബുഹാജി ഹാളിൽ നടന്ന വാക്സിനേഷൻ ക്യാംപിൽ പോയെങ്കിലും വാക്സീൻ ലഭിക്കാതെ മടങ്ങിവന്നു.

എന്നാൽ, വൈകുന്നേരമായപ്പോഴേക്കും ‘നിങ്ങൾ ആദ്യ ഡോസ് കോവിഷീൽഡ് വാക്സീൻ സ്വീകരിച്ചിരിക്കുന്നു’ എന്ന സന്ദേശം മൊബൈലിലെത്തി. കോവിൻ പോർട്ടലിൽ ആദ്യ ഡോസ് എടുത്തതിന്റെ സർട്ടിഫിക്കറ്റും വിദ്യാർത്ഥിനിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. കോളജിൽ പോകണമെങ്കിൽ വാക്സീൻ സ്വീകരിക്കണം എന്നതിനാലാണ് ക്യാംപിൽ പോയത്.

ക്യൂ നിന്ന ശേഷം ആദ്യത്തെ കൗണ്ടറിൽ റജിസ്ട്രേഷൻ വിവരങ്ങളൊക്കെ നൽകി.എന്നാൽ, അടുത്ത കൗണ്ടറിലെത്തിയപ്പോഴേക്കും വാക്സിനേഷൻ 40 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണെന്നു പറഞ്ഞു. ഇതോടെ മടങ്ങുകയായിരുന്നു.

നേരത്തേ നൽകിയ വിവരങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് മടങ്ങിപ്പോയത്. എന്നാൽ, വൈകിട്ട് വാക്സീൻ ലഭിച്ചതായി സന്ദേശം ലഭിച്ചു. കോവി‍ൻ പോർട്ടലിൽ ആദ്യ ഡോസ് എടുത്തതായി കാണിക്കുന്നതിനാൽ, നിലവിൽ വാക്സീൻ ബുക്ക് ചെയ്യാനും സാധിക്കാത്ത സ്ഥിതിയാണ്.