Mon. Dec 23rd, 2024
പത്തനംതിട്ട:

നവകേരളത്തിലേക്കുള്ള സംസ്ഥാനത്തിൻ്റെ കുതിപ്പിൽ പശ്ചാത്തല സൗകര്യ വികസനം അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കീഴിൽ റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി പത്തനംതിട്ടയിലെ ആറ് റോഡുകളുടെ നിർമ്മാണോദ്ഘാടനം മുട്ടത്തുകോണം എസ്എ ൻ ഡി പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ടിപിയാണ് ഈ റോഡുകളുടെ നിർമാണംനടത്തുന്നത്. റോഡ് വീതികൂട്ടൽ മാത്രമല്ല, പാലങ്ങളുടെ പുനർനിർമാണം, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവൃത്തികൾ, നടപ്പാത, ബസ് ഷെൽട്ടർ എന്നിവയുടെ നിർമാണം തുടങ്ങി അനുബന്ധ പ്രവൃത്തികളും നടക്കും. ഇവയാകെ പൂർത്തീകരിച്ചുകൊണ്ടാകും ഈ റോഡുകൾ തുറന്നു കൊടുക്കുക.

പത്തനംതിട്ട- അയിരൂർ, മുട്ടുകുടുക്ക- ഇല്ലത്ത് പടി, മുട്ടുകുടുക്ക-പ്രക്കാനം, പ്രക്കാനം- ഇലവുംതിട്ട, കുളനട-രാമൻചിറ, താന്നിക്കുഴി- തോന്ന്യാമല റോഡുകളുടെ നിർമാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.

പൊതുരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ആരോഗ്യ മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ പങ്കെടുത്തു. റോഡുകളുടെ ശിലാഫലക അനാച്ഛാദനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിർവഹിച്ചു.

By Divya