Fri. Mar 29th, 2024
Malik filim and beemapally firing

മാലിക്ക് ചലചിത്രം സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വേദിയാകുമ്പോൾ അതിൽ പ്രധാനമായും ഉയർന്ന് വരുന്ന ഒരു ചർച്ചാ വിഷയമാണ് കേരളം കണ്ട ഏറ്റവും വലിയ പോലീസ് നരനയാട്ടുകളിൽ ഒന്നായ 2009ലെ ബീമാപള്ളി വെടിവെപ്പ്. നിരപരാധികളായ 6  പേർ കൊല്ലപ്പെടുകയും, അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്ന് 12 വര്‍ഷങ്ങൾ പിന്നിട്ടിട്ടും മാറി മാറി വന്ന ഗവർമെന്റുകൾ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും പുറത്ത് വിടാത്ത ബീമാപള്ളി വെടിവെപ്പ് എന്താണ്?

തിരുവനന്തപുരം നഗരത്തിന്റെ  പ്രാന്തപ്രദേശത്തെ ചെറിയതുറ, ബീമാപളളി തീരപ്രദേശത്ത് 2009 മെയ് 17ന് വൈകിട്ട് രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിനായി കേരളാ പോലീസ് നടത്തിയ വെടിവയ്പ്പിൽ മത്സ്യബന്ധന സമുദായത്തിൽപെട്ട ആറ് മുസ്‌ലിംകൾ കൊല്ലപ്പെട്ട സംഭവമായിരുന്നു ബീമാപള്ളി വെടിവെപ്പ്. പോലീസ് നടത്തിയ വെടിവയ്പ്പിൽ അഹമ്മദ് സലീം (50), ബദുഷ (35),കന്നി ഹാജി (63), സയ്യിദ് അലവി (24), അബ്ദുൽ ഹക്കീം (27), ഫിറോസ് (15) എന്നിവരാണ് മരിച്ചത്. ഏറ്റുമുട്ടലിൽ മുപ്പത്തിയെട്ട് പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു.

ഏറ്റുമുട്ടലുകൾക്ക് കാരണം  ബീമാപ്പള്ളി പ്രദേശത്തെ മുസ്ലീം മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ട ചെറുകിട കടകളിൽ നിന്നും,  വാഹനങ്ങളിൽ നിന്നും കൊമ്പ്  ഷിബു എന്ന പ്രാദേശിക മാഫിയ നേതാവ് പണം കൈക്കലാക്കാൻ ശ്രമിച്ചതാണ്. ഇതിനെ നാട്ടുകാർ ചെറുക്കുകയും,   ഇതിനെ തുടർന്ന്  ക്രിമിനൽ സംഘം കൂടുതൽ ആളുകളുമായി പ്രദേശത്തേക്ക് മടങ്ങി വന്ന് കടകളിലും സമീപ വീടുകളിലും കല്ലെറിയുകയും  ബോട്ടുകളും മത്സ്യബന്ധന വലകളും പ്രദേശത്തെ കടകളും തകർക്കുകയും ചെയ്തു.

പിന്നീട് ചെറിയ തുറയിൽ നിന്നുള്ള ക്രിമിനൽ സംഘം ബീമാ പളളിയിലേക്കുള്ള വാഹങ്ങങ്ങൾ തടയുകയും, ഇതിനെ തുടർന്ന് ബീമാ പള്ളിയിൽ നിന്നുള്ള പ്രകോപിതരായ ഒരു സംഘം ചെറിയതുറയിൽ പോയി വാഹനങ്ങൾ തടഞ്ഞവരെ ആക്രമിക്കുകയും ചെയ്തു. പ്രശ്നങ്ങൾ തുടങ്ങി വച്ച  പ്രദേശത്തെ മാഫിയ നേതാവ് കൊമ്പ്  ഷിബുവിനെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് നിഷ്ക്രിയത്വം ഭാവിച്ചതിനെ തുടർന്ന്, മാഫിയ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രകോപിതരായ ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിഞ്ഞു. താമസിയാതെ, ബീച്ചിൽ ഒത്തുകൂടിയ അക്രമാസക്തരായ ജനക്കൂട്ടത്തെ ഒഴിപ്പിക്കാനായി ഡെപ്യൂട്ടി കമ്മീഷണർ എ വി ജോർജിന്റെ കീഴിലുള്ള പോലീസ് വെടിയുതിർത്തു. എന്നാൽ മുന്നറിയിപ്പില്ലാതെയാണ് പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതെന്ന്  നാട്ടുകാർ ആരോപിച്ചു. 2:30ന്‌ തുടങ്ങിയ വെടിവെപ്പ്  3മണി വരെ തുടർന്നു. 

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകമോ, റബ്ബർ ബുള്ളറ്റോ , ജലപീരങ്കിയോ ഉപയോഗിക്കാൻ പോലീസിന് കഴിയുമായിരുന്നു എന്നിട്ടും അതിന് മുതിരാതെ പോലീസ് വെടി വെക്കുകയായിരുന്നു. മുസ്ലിം ആൾക്കൂട്ടം പ്രകോപനം സൃഷ്ടിച്ചു എന്നാണ് പോലീസ് പറഞ്ഞ ന്യായം എങ്കിലും പിന്നീട് Peoples Union for Civil Liberties, National Council for Human Rights തുടങ്ങിയ  സ്വതന്ത്ര അന്വേഷണ കമ്മീഷനുകളുടെ  റിപ്പോർട്ടുകൾ അതൊക്കെ തള്ളുകയും കണ്ണീർ വാതകം, റബ്ബർ വെടിയുണ്ട, ജലപീരങ്കി, ലാത്തി ചാർജ് തുടങ്ങിയവ പ്രയോഗിക്കാതെ നേരിട്ട്  വെടി വെക്കുകയായിരുന്നു എന്ന് കണ്ടെത്തി. സബ് കളക്ടർ ഉത്തരവിട്ടു എന്ന പോലീസ് വാദം കളക്ടർ നിഷേധിച്ചു. സംഭവത്തിൽ 6 പോലീസു‌കാർ സസ്‌പെൻഡ് ചെയ്യപ്പെട്ടു. മറ്റൊരു നടപടിയും ഉണ്ടായില്ല. 16 വയസുള്ള ഒരു കുട്ടിയെ പോലീസ് വലിച്ചിഴക്കുന്ന വീഡിയോ ഉൾപ്പെടെ അന്ന് പുറത്ത് വന്നിരുന്നു. സംഭവത്തെ കുറിച്ച് അന്നത്തെ വിഎസ് സർക്കാർ ഒരു ജുഡീഷ്യൽ അന്വേഷണം ജസ്റ്റിസ്  കെ രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയെങ്കിലും ഇന്ന് വരെ റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടില്ല.