Sat. Nov 23rd, 2024
കട്ടപ്പന:

മഹാപ്രളയത്തിൽ തകർന്ന കട്ടപ്പന കെഎസ്ആർടിസി സബ് ഡിപ്പോയിൽ നവീകരണം അവസാനഘട്ടത്തിലേക്ക്‌. നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിനും എം എം മണി എംഎൽഎയും ഡിപ്പോയിലെത്തി. കെഎസ്‌ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസും ഒപ്പമുണ്ടായിരുന്നു.

ഡിപ്പോയുടെ പുനർനിർമാണത്തിന്‌ റോഷി അഗസ്റ്റിനും മുൻ എംപി ജോയ്സ് ജോർജും തുക അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് വർക്ക്‌ഷോപ്‌ ഗ്യാരേജിന്റെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് സംസ്ഥാന സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് ഓഫീസ് കെട്ടിടനിർമാണവും അവസാന ഘട്ടത്തിൽ എത്തിയിരുന്നു.

കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയുടെ അവസാന ബജറ്റിൽ ജീവനക്കാർക്ക് താമസിക്കാനുള്ള കെട്ടിട നിർമാണത്തിനും സംരക്ഷണഭിത്തി നിർമാണങ്ങൾക്കുമായി അഞ്ച് കോടി രൂപയും അനുവദിച്ചു. കെഎസ്ആർടിസി കട്ടപ്പന സബ് ഡിപ്പോയിൽ ജില്ലാ വർക്ക് ഷോപ്‌ ഗ്യാരേജ് ആരംഭിക്കാൻ സി വി വർഗീസിന്റെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി.

നിലവിൽ ആലുവയിലെ റീജണൽ ഗ്യാരേജിലാണ് ബസുകളുടെ പ്രധാനപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തുന്നത്. കട്ടപ്പന സബ് ഡിപ്പോയിലേക്ക്‌ കുടിവെള്ള സൗകര്യം ഏർപ്പെടുത്താൻ ഭൂഗർഭജല വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

By Divya