Sat. Apr 20th, 2024
കൊല്ലം:

‘ദൃഷ്ടി’യിലേക്കു വനിതകളുടെ പരാതി പ്രവാഹം. കേരള പൊലീസിൻ്റെ ദൃഷ്ടി പദ്ധതിയിലേക്കാണു സ്ത്രീ പീഡനം മുതൽ അതിരു തർക്കം വരെയുള്ള പ്രശ്നങ്ങളുമായി സ്ത്രീകൾ കമ്മിഷണറുടെ വിഡിയോ കോളിലൂടെ സംസാരിച്ചത്. ചില പുരുഷൻമാരും പരാതിയുമായി എത്തി. സോഷ്യൽ മീഡിയയിലെ ചതിയും ആശ്രാമം ഗ്രൗണ്ടിൽ വ്യായാമത്തിനു വരുന്നവർ മാസ്ക് ധരിക്കാത്തതും ശബ്ദ മലിനീകരണവും വരെ പരാതിക്കു വിഷയമായി.

ഭർത്താവിന്റെ മാതാപിതാക്കൾ സ്ത്രീധനം ആവശ്യപ്പെട്ടു പീഡിപ്പിക്കുന്നുവെന്നായിരുന്നു ഇരവിപുരത്തെ വീട്ടമ്മയുടെ പരാതി‍. അധികം പരാതികളും ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുമായി ബന്ധപ്പെട്ടു സ്ത്രീകൾ നൽകിയതാണ്. വിഡിയോ പ്ലാറ്റ്ഫോമിലൂടെ പരാതി കേൾക്കാൻ ആവിഷ്കരിച്ച ദൃഷ്ടി പദ്ധതിക്കു പൊതുജനങ്ങളിൽ നിന്നു നല്ല പ്രതികരണമാണു ലഭിച്ചതെന്ന് കമ്മിഷണർ പറഞ്ഞു. ‌

മനസ്സിൽ അടക്കി വച്ച ആശങ്കകൾക്കും വിഷമങ്ങൾക്കും കാത് കൊടുക്കാൻ അധികാരികൾ ഉണ്ടെന്ന ബോധം ജനങ്ങളിൽ പൊലീസിനെ കുറിച്ചു വളരെ നല്ല പ്രതികരണമുണ്ടാക്കും. എല്ലാ ബുധനാഴ്ചകളിലും പരാതികൾ കേൾക്കുമെന്നും സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം പരാതികാരെ അറിയിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.

By Divya