തൃശൂർ:
രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഗവ. ഡെൻറൽ കോളജിലെ നോൺ അക്കാദമിക് ജൂനിയർ റസിഡൻസ്(എൻഎജെആർ) ആയി ജോലി നോക്കുന്ന ഡോക്ടർമാർ അനിശ്ചിത കാല സമരം തുടങ്ങി. കൊവിഡ് വ്യാപനത്തെത്തുടർന്ന് 2021 ഏപ്രിൽ 20ന് ഹൗസ് സർജൻസി പൂർത്തിയാക്കിയവരെയാണ് കാലാവധി ദീർഘിപ്പിച്ച് നോൺ അക്കാദമിക് ജൂനിയർ റസിഡൻസ് ആയി ജോലിയിൽ തുടരാൻ മെഡിക്കൽ എഡുക്കേഷൻ ഡയറക്ടർ ഉത്തരവിട്ടത്.
ഡെൻറൽ കോളജിലെ സ്ഥിരം ജോലികൾക്ക് പുറമെ കൊവിഡ് ചുമതലകൾ, പിഎച്ച്സി, മൊബൈൽ ക്ലിനിക്, വാക്സിനേഷൻ സെൻറർ എന്നിവിടങ്ങളിലായി ജോലി ചെയ്തുവരുന്നുണ്ട്. ഇവർക്ക് ഇതുവരെയായി ശമ്പളം ലഭിക്കുന്നുമില്ല. ഇതിനെത്തുടർന്നാണ് ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിനിറങ്ങിയത്.
ജില്ലയിൽ 30 പേർ ഈ തസ്തികകളിൽ ജോലി ചെയ്തുവരുന്നുണ്ട്. ഹൗസ് സർജൻസി പൂർത്തിയാക്കി സമാനമായ രീതിയിൽ നിയമനം നൽകിയ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് (എംബിബിഎസ്) പ്രതിമാസം 42,000 രൂപ ശമ്പളമുണ്ട്. ഈ ശമ്പളം ഡോക്ടർമാർക്കും നൽകണമെന്നാണ് സമരം ചെയ്യുന്ന ഡെൻറൽ എൻഎജെആർ അസോസിയേഷന്റെ ആവശ്യം. ഇവർ നേരത്തെ സൂചന സമരം നടത്തിയിരുന്നു.