Fri. Mar 29th, 2024

കോഴിക്കോട്:

വ്യാഴാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തെ ചൊല്ലി വിവാദം തുടരുന്നതിനിടെ സർക്കാരിനെതിരെ വിമർശനവുമായി വ്യാപാരി വ്യവസായി സമിതി രംഗത്ത്. ഒരു ദിവസം മാത്രം കട തുറന്നാൽ തിരക്കേറുമെന്നും എല്ലാ ദിവസവും കടകൾ തുറക്കാൻ നടപടി വേണമെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻ്റ് വി കെ സി മമ്മദ് കോയ ആവശ്യപ്പെട്ടു. 

വ്യാപാരികളുടെ പ്രശ്നങ്ങൾ ആരും കണക്കിലെടുക്കുന്നില്ലെന്നും കച്ചവടക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാവണമെന്നും വികെസി മമ്മദ് കോയ ആവശ്യപ്പെട്ടു. എല്ലാം അടച്ചിടാനുള്ള വിദഗ്ദ്ധ സമിതി തീരുമാനത്തിൽ പ്രായോഗികമായ പ്രശ്നങ്ങളുണ്ട്. കച്ചവടക്കാർ വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. രോഗം പടരാതിരിക്കാൻ വേണ്ടി ഇതുവരെ അവർ സഹകരിച്ചു.

ഇനിയും ഈ നിലയിൽ മുന്നോട്ട് പോകാനാവില്ല. കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ വ്യാപാരി വ്യവസായി സമിതി നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് വികെസി മമ്മദ് കോയ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കട തുറക്കൽ പ്രഖ്യാപനത്തെ നേരിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാന നിലപാട് എടുക്കുമെന്ന സൂചന നൽകി ഇടത് വ്യാപാര സംഘടനയും രംഗത്ത് വന്നിരിക്കുന്നത്.

മുൻ എംഎൽഎയും കോഴിക്കോട് മേയറുമായിരുന്ന വികെസി മമ്മദ് കോയ തന്നെ നിയന്ത്രണങ്ങളിൽ എതിർപ്പ് തുറന്നു പറയുകയും വിദഗ്ദ്ധ സമിതി തീരുമാനങ്ങളെ തള്ളിപ്പറയുകയും ചെയ്തതോടെ ഇക്കാര്യത്തിൽ ഇടതുപക്ഷത്ത് തന്നെ അഭിപ്രായ ഭിന്നതയുണ്ടെന്ന് വ്യക്തമായി.