Mon. Dec 23rd, 2024

ആലപ്പുഴ:

കൊവിഡ്‌ കാലത്തെ കുടുംബശ്രീ അയൽക്കൂട്ട യോഗം ചരിത്രത്തിലേക്ക്. ഓൺലൈനായി കൂടിയ യോഗത്തിൽ റെക്കോഡ്‌ പങ്കാളിത്തം. അകന്നിരുന്ന് അയൽക്കൂട്ടം ചേരാനായതോടെ വീട്ടമ്മമാരുടെ ഡിജിറ്റൽ സാക്ഷരതയിലും നാഴികക്കല്ലായി.

കുടുംബശ്രീ ജില്ലാ മിഷന്‌ കീഴിൽ 21,842 അയൽക്കൂട്ടമാണുള്ളത്. ഇതിൽ 16,893 എണ്ണം കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ചേർന്നതായും 1,69,862 പേർ പങ്കെടുത്തതായും ജില്ലാ മിഷൻ അധികൃതർ പറഞ്ഞു. എഴുപുന്ന, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലെ 100 ശതമാനത്തോളം അയൽക്കൂട്ടങ്ങളും യോഗം ചേർന്നു. തലവടി പഞ്ചായത്ത് പത്താം വാർഡിലെ സ്‌നേഹസേവിനി അയൽക്കൂട്ടത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്‌ടർ എസ് ഹരികിഷോറും പങ്കെടുത്തു.

കൊവിഡ് വ്യാപനത്തെതുടർന്ന് ഏറെക്കാലമായി അയൽക്കൂട്ടം ചേർന്നിരുന്നില്ല. ഓൺലൈൻ യോഗങ്ങളും കുറവായിരുന്നു. ഇതിന് പരിഹാരം കാണാനുള്ള ജില്ലാ മിഷന്റെ ആലോചനയിൽ നിന്നാണ് ഡിജിറ്റൽ യോഗത്തിന്റെ പിറവി.

കൊവിഡ് രണ്ടാംതരംഗത്തെ അതിജീവിക്കാൻ കുടുംബശ്രീ പ്രവർത്തകർ നടത്തിയ ചെയിൻകോൾ വിജയമായതോടെയാണ് ഓൺലൈൻ അയൽക്കൂട്ടത്തിലേക്ക് കടന്നത്. ഫോണിലൂടെയുള്ള ആശയവിനിമയത്തിലൂടെ രോഗബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സഹായവും ആശ്വാസവും എത്തിക്കുന്നതാണ്‌ പദ്ധതി. വാട്ട്‌സ്‌ ആപ്‌ ഗ്രൂപ്പികളിലൂടെയായിരുന്നു ഏകോപനം.

വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശീലനത്തിന്റെ സമാപനമായാണ് ഓൺലൈൻ യോഗം സംഘടിപ്പിച്ചത്. ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നതിന് എല്ലാ അയൽക്കൂട്ടത്തിലെയും ഒരംഗത്തിന്‌ പരിശീലനം നൽകി. ഇവരുടെ നേതൃത്വത്തിൽ മറ്റുള്ളവരെ പരിശീലിപ്പിച്ചു. തടസ്സം നേരിടുന്നവർക്ക് കുടുംബത്തിലെ കുട്ടികളുടെയോ മുതിർന്നിവരുടെയോ സഹായം തേടാമെന്ന ഉപദേശവും നൽകി.

കൊവിഡ് സാഹചര്യത്തിലും അയൽക്കൂട്ടം ചേരാൻ സാധിച്ചതും ഇത്രയുംപേരെ ഡിജിറ്റൽ സാക്ഷരരാക്കിയതും ജില്ലാ മിഷന്റെ നേട്ടം. കുടുംബശ്രീ പ്രവർത്തനങ്ങൾക്കുള്ള ആശയ വിനിമയത്തിനും ഇനി ഡിജിറ്റൽ സാധ്യതകൾ ഉപയോഗിക്കാം

By Rathi N