കായംകുളം:
സിപിഎം സഹകരണ സ്ഥാപനത്തിന് മുന്നിലെ സിഐടിയുക്കാരുടെ പട്ടിണി സമരം ചർച്ചയാകുന്നു. മോട്ടാർ സഹകരണ സ്ഥാപനമായ കെസിടിക്ക് മുന്നിലാണ് തൊഴിലാളികൾ ബുധനാഴ്ച സമരം നടത്തിയത്. ചർച്ച ബഹളത്തിൽ കലാശിച്ചതോടെ വിഷയം ജില്ല സെക്രട്ടറിക്ക് കൈമാറാൻ ധാരണ.
കൊവിഡ് കാലത്ത് ബസുകൾ കട്ടപ്പുറത്തായതോടെ പട്ടിണിയിലായ തൊഴിലാളികളെ സംരക്ഷിക്കാൻ നടപടിയില്ലെന്ന് കാട്ടിയാണ് സമരം. 24 സർവിസ് ബസുകളിലും എട്ട് ടൂറിസ്റ്റ് ബസുകളിലുമായി മെക്കാനിക്കൽ വിഭാഗം അടക്കം 200 ഓളം സ്ഥിരം ജീവനക്കാരാണ് സംഘത്തിലുള്ളത്. 80 ഓളം താൽക്കാലികക്കാരും പണിയെടുക്കുന്നു.
പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്നാണ് പറയുന്നത്. ചർച്ചകൾ പ്രഹസനമാക്കി മടക്കി അയക്കുകയായിരുന്നത്രെ. പാർട്ടി സ്ഥാപനത്തിനെതിരെ സമരം ചെയ്യുന്നതിലെ വിഷമാവസ്ഥ നേതാക്കൾ മുതലെടുക്കുകയായിരുന്നു.
സഹികെട്ടാണ് സമരം നടത്തിയതെന്ന് തൊഴിലാളികൾ പറയുന്നു. പാർട്ടി ഹരിപ്പാട്, കാർത്തികപ്പള്ളി, കായംകുളം ഏരിയ കമ്മിറ്റികൾക്കും സിഐടിയു നേതൃത്വത്തിനുമാണ് നേരത്തേ പരാതി നൽകിയത്. തിരെഞ്ഞടുപ്പ് സമയത്ത് സമരത്തിന് തീരുമാനിച്ചുവെങ്കിലും അടിയന്തരമായി പരിഹാരം കാണുമെന്ന ഉറപ്പിലാണ് ഒഴിവാക്കിയത്.
തിരഞ്ഞെടുപ്പിന് ശേഷം വിഷയം അറിഞ്ഞതായി പോലും നേതാക്കൾ നടിക്കുന്നില്ലത്രെ.ജീവനക്കാരെ അറിയിക്കാതെ മൂന്ന് ബസുകൾ പൊളിക്കാനുള്ള നീക്കവും പ്രതിഷേധത്തിന് കാരണമായി. വിരമിക്കുന്ന സെക്രട്ടറിക്ക് ആനുകൂല്യങ്ങൾ നൽകാനാണ് പൊളിക്കുന്നതെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
ജീവനക്കാർക്ക് കൂടി പങ്കാളിത്തമുള്ള സ്ഥാപനത്തിലെ പൊളിക്കൽ വിവരങ്ങൾ നോട്ടീസ് ബോർഡിൽ പോലും പതിക്കാതെ രഹസ്യമായി നടത്താനുള്ള നീക്കവും പ്രതിഷേധത്തിന് ആക്കം കൂട്ടി.