Mon. Dec 23rd, 2024
പത്തനാപുരം:

പാടത്ത് കശുമാവിൻ തോട്ടത്തിൽ സ്ഫോടകവസ്തു കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണം എൻഐഎ വിപുലപ്പെടുത്തി. തമിഴ്‌നാട്‌ പൊലീസിന്റെ കുറ്റാന്വേഷക വിഭാഗമായ ക്യൂ ബ്രാഞ്ചും എത്തിയിട്ടുണ്ട്‌. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെയും പൊലീസിന്റെയും അന്വേഷണത്തിനു പുറമേയാണിത്‌.

കുറച്ചുദിവസം മുമ്പ്‌ കശുമാവിൻ തോട്ടത്തിനോട് ചേർന്ന വനമേഖലയിൽ മൂന്ന് ഇരുചക്രവാഹനങ്ങളുടെ ഭാഗം കണ്ടെത്തിയപ്പോഴും എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. എൻഐഐയുടെ കൊച്ചി യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ്‌ പാടത്തുള്ളത്‌. വീടുകൾ, കടകൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഇരുസംഘവും പരിശോധിക്കുന്നുണ്ട്‌.

പാടം മുതൽ കലഞ്ഞൂർ, പത്തനാപുരംവരെയും പുനലൂർ മുവാറ്റുപുഴ റോഡിൽ പത്തനാപുരം –- കലഞ്ഞൂർ, കലഞ്ഞൂർ –-കൂടൽ, ഇളമണ്ണൂർ –- -കലഞ്ഞൂർ റോഡിലെയും ക്യാമറ ദൃശ്യങ്ങളും സംഘം ശേഖരിച്ചു. പാടം, മാങ്കോട്, മേഖലകളിൽ വന്ന്‌ താമസിച്ചുപോയവരെക്കുറിച്ചും അന്വേഷണം നടക്കുന്നു. ഈ പ്രദേശങ്ങളിൽനിന്ന്‌ കാണാതായവരുടെ വിവരവും തേടുന്നു.

By Divya