തിരുവനന്തപുരം:
സംസ്ഥാനത്തു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് വിവരം.
ബുധനാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന അവലോകന യോഗമാണ് ഇന്നത്തേക്ക് മാറ്റി നിശ്ചയിച്ചത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പത്തിൽ താഴെയായതാണ് ഇതിനൊരു പ്രധാന കാരണം. സംസ്ഥാനത്ത് 30നു മുകളിലൊക്കെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത് 16 ഇടങ്ങളിൽ മാത്രമേ ഉള്ളു.
കഴിഞ്ഞ ഒരാഴ്ചയായി ഇളവുകൾ അനുവദിച്ച സ്ഥലങ്ങളിൽ ടിപിആർ നിരക്ക് കൂടിയിട്ടുമില്ല. അതുകൊണ്ടു തന്നെ രോഗവ്യാപന തോത് സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് ഇടയില്ല എന്നതാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ഇപ്പോൾ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുള്ളത്. അത് നാളെ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങൾ തുറക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനു വേണ്ടി മതസാമുദായിക സംഘടനകളടക്കം സമ്മർദ്ദം ചെലുത്തുന്നുമുണ്ട്.
എന്നാൽ അതിന് സമയമായിട്ടില്ലെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. തിയേറ്ററുകളും ഷോപ്പിംഗ് മാളുകളും ഈ ഘട്ടത്തിൽ തുറക്കാനുള്ള സാധ്യത കുറവാണ്. നിശ്ചിത എണ്ണം ആളുകൾക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സീരിയൽ ഷൂട്ടിംഗ് അടക്കമുള്ളവയ്ക്ക് അനുമതി നൽകാനുള്ള സാധ്യതയുമുണ്ട്.