Thu. Apr 25th, 2024
തിരുവനന്തപുരം:

കൊവിഡ്  19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മെയ് മാസം 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. ഇപ്പോൾ കുട്ടി കൊവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക (ജീനോമിക്) പഠനത്തിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്.

ദില്ലിയിലെ സിഎസ്‌ഐആര്‍ – ഐജിഐബി (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി)യില്‍ നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചു.

കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ഏരിയയാണ്. ടിപിആര്‍ നിരക്ക് 18.42 ശതമാനമാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലും ടിപിആര്‍ കൂടുതലായി നില്‍ക്കുന്നതിനാലും നിയന്ത്രണം അത്യാവശ്യമാണ്.

ഇതുവരെ ഇവിടെ 87 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇവിടെ 18 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചിട്ടുള്ളത്. ഈ പ്രദേശത്തെ പോസിറ്റീവ് രോഗികളെ ഡിസിസിയിലേക്ക് മാറ്റും. ഇവിടെ കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും. കോണ്‍ടാക്ട് ട്രെയ്‌സിംഗ് ഊര്‍ജിതപ്പെടുത്തും.

By Divya