Fri. Mar 29th, 2024
ന്യൂഡൽഹി:

രാജ്യത്ത് 81 ദിവസത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം 60000 ൽ താഴെയെത്തി. 24 മണിക്കൂറിനിടെ 58419 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1576 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 3.22 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.27 ശതമാനവും. അതേസമയം, മൂന്നാം തരംഗം ഒഴിവാക്കാൻ ജാഗ്രത വേണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വിപണികളിലെ ജനക്കൂട്ടത്തിൽ കേന്ദ്രം ആശങ്ക അറിയിച്ചു.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺധീപ് ഗുലേറിയ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അടുത്ത 6 മുതൽ 8 ആഴ്ചക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടായെക്കുമെന്നാണ് മുന്നറിയിപ്പ്. ജനസംഖ്യയിലെ ഭൂരിഭാഗം പേരും വാക്‌സിൻ സ്വീകരിക്കുന്നത് വരെ മാസ്കും സാമൂഹിക അകലം പാലിക്കലും അടക്കമുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. പ്രകൃതി ദുരന്തങ്ങൾക്ക് സമാനമായി രോഗ വ്യാപനം കണക്കാക്കാനാവില്ല. കൊവിഡ് നേരിടുന്നതിനുള്ള നടപടികൾക്കുള്ള തുകയെ ഇത് ബാധിക്കും. നികുതി വരുമാനം കുറയുന്നതും കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടി.

By Divya