Fri. Nov 22nd, 2024
ന്യൂഡൽഹി:

രാഹുൽഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണതൃപ്തനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

‘ഉമ്മൻചാണ്ടിയും ഞാനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രകടപ്പിച്ചു എന്നത് സത്യമാണ്. അതു രാഹുൽഗാന്ധിക്ക് വിശദീകരിച്ചു. പരാജയത്തിന്റെ കാരണങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു. ഉമ്മൻചാണ്ടിയെ അദ്ദേഹം ഇന്ന് വൈകുന്നേരം തന്നെ രാഹുൽ വിളിക്കും. ഞാനും ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതൃത്വത്തോട് ചേർന്നു നിന്നവരാണ്. കോൺഗ്രസിന്റെ നന്മയ്ക്കു വേണ്ടി സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും ഞങ്ങൾ അംഗീകരിക്കും. പുതിയ കെപിസിസി പ്രസിഡണ്ടിനും പുതിയ പ്രതിപക്ഷ നേതാവിനും സമ്പൂർണ പിന്തുണ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്’ – രമേശ് പറഞ്ഞു.

ഐഐസിസി ജനറൽ സെക്രട്ടറിയാകുമോ എന്ന ചോദ്യത്തിന് അതൊന്നും ചോദിച്ചിട്ടില്ല, ഒരു സ്ഥാനമില്ലെങ്കിലും പ്രവർത്തിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘രാഹുലുമായി സംസാരിച്ചപ്പോൾ മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി. എന്നോട് ഒരു നെഗറ്റീവ് താത്പര്യവും രാഹുലിനില്ല. കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണ്. എന്റെ ഒന്നാമത്തെ താവളം കേരളമാണ്, പാർട്ടി എന്തു പറഞ്ഞാലും അംഗീകരിക്കും’ – അദ്ദേഹം കൂട്ടിച്ചേർത്തു.

By Divya