Tue. Jan 21st, 2025
ന്യൂഡൽഹി:

ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകളുടെ 1.52 ലക്ഷമായി കുറഞ്ഞു. 52 ദിവസ​ത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും താഴ്ന്ന കണക്കാണിത്. 24 മണിക്കൂറിനിടെ 1,52,734 പുതിയ കൊവിഡ് കേസുകളാണ്​ രാജ്യത്ത്​ സ്​ഥിരീകരിച്ചത്. 2.80 കോടിയാളുകൾക്കാണ്​ രാജ്യത്ത്​ ഇതുവരെ രോഗം ബാധിച്ചത്​.

3128 പേരാണ്​ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്​ മരിച്ചത്​. ഇതോടെ 3,29,100 പേരാണ്​ രാജ്യത്ത്​ കൊവിഡ് ബാധിച്ച്​ മരണത്തിന്​ കീഴടങ്ങിയത്​. തുടർച്ചയായി ഏഴാം ദിവസം ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 10ൽ താഴെയാണ്​.

തമിഴ്​നാട്​ (28,864), കർണാടക (20,378), കേരളം (19,894), മഹാരാഷ്​ട്ര (18,600), ആന്ധ്രപ്രദേശ്​ (13,400) എന്നീ സംസ്​ഥാനങ്ങളിലാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ കേസുകൾ സ്​ഥിരീകരിച്ചിരിക്കുന്നത്​. 1.52 ലക്ഷം പുതിയ രോഗികളിൽ 66.22 ശതമാനവും ഈ അഞ്ച്​ സംസ്​ഥാനങ്ങളിൽ നിന്നാണ്​. മഹാരാഷ്​ട്രയിലും (814) തമിഴ്​നാട്ടിലുമാണ്​ (493) ഏറ്റവും കുടുതൽ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​.

2.56 കോടിയാളുകൾ ഇതുവരെ രോഗമുക്തി നേടി. 20.26 ലക്ഷം പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. മേയ്​ മാസം തുടക്കത്തിൽ ഒരു ദിവസം 4.14 ലക്ഷം കേസുകൾ വരെ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ രണ്ട്​ ലക്ഷത്തിൽ താഴെ മാത്രമാണ്​ രോഗികൾ.

By Divya