Mon. Dec 23rd, 2024
തിരുവനന്തപുരം:

കെപിസിസി പ്രസിഡന്റിനാ‌യി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കവെ, ഗ്രൂപ്പുകളുടെ പിന്തുണ തേടാന്‍ കൊടിക്കുന്നില്‍ സുരേഷ്  എംപി ശ്രമം തുടങ്ങി. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര്  മുന്നോട്ടുവയ്ക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഇതുവരെയുള്ള തീരുമാനം. സംഘടന ‌തലത്തില്‍ വരുത്തേണ്ട മാറ്റം ചര്‍ച്ചചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ലോക്ഡൗണിന് ശേഷം കേരളത്തിലെത്തും.

കെസുധാകരനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിലുള്ള അമര്‍ഷം ഇതുവരെയും മാറിയിട്ടുമില്ല. സമാനരീതിയില്‍ കെപിസിസി പ്രസി‍ഡന്റിനെയും തീരുമാനിച്ച് പരാജയമായാല്‍ മുഴുവന്‍ പഴിയും തലയില്‍ വരുമെന്ന ഭയം ഹൈക്കമാന്‍ഡിനുണ്ട്.

മാത്രമല്ല,  എ െഎ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ താഴെത്തട്ട് ചലിപ്പിക്കാനുമാകില്ല. ഈ സാഹചര്യത്തിലാണ് സുധാകരന് പകരം കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ള ചിലരുടെ പേര് പരിഗണനയില്‍ വന്നത്.  ഇതോടെ പ്രസിഡന്റാകാനുള്ള നീക്കങ്ങള്‍ കൊടിക്കുന്നിലും തുടങ്ങി.

ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായം തേടാനിടയുള്ളതിനാല്‍ ഇരുവരെയും പിന്തുണ തേടാനുള്ള ശ്രമത്തിലാണ് കൊടിക്കുന്നില്‍. എന്നാല്‍ പ്രതിപക്ഷനേതാവിന്റ കാര്യത്തില്‍ നാണം കെട്ടതുകൊണ്ട് ഇനി ആരുടേയും പേര് പറയാനില്ലെന്ന തീരുമാനത്തിലാണ് എ,െഎ ഗ്രൂപ്പുകള്‍.

തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി പുതിയ പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ ആരില്‍ നിന്നും അഭിപ്രായവും തേടിയിട്ടില്ല. ലോക്ഡൗണിന് ശേഷം കേരളത്തിന്റ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും മൂന്ന് സെക്രട്ടറിമാരും കേരളത്തിലെത്തുന്നുണ്ട്. സംഘടന തലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനാണിത്. അതിന് മുമ്പ് പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് നീക്കം.

By Divya