തിരുവനന്തപുരം:
ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു.
ലക്ഷദ്വീപ് ജനതയുടെ മേൽ കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. ദ്വീപ് നിവാസികളുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നു. തെങ്ങുകളിൽ കാവി കളർ പൂശുന്നതു പോലുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നത്. കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകർക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതരീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നു.
ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണ്. രണ്ട് കുട്ടികൾ കൂടുതലുള്ളവർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് തീരുമാനം. സംഘ്പരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി.
ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ശ്യൂന്യവേളയിൽ ചരമോപചാരത്തിനു ശേഷമാണ് ചട്ടം 118 അനുസരിച്ചുള്ള പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിച്ച ശേഷം ഭരണപക്ഷ, പ്രതിപക്ഷത്തു നിന്ന് രണ്ടുപേർ വീതം പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.