Wed. Jan 22nd, 2025
മലപ്പുറം:

മലപ്പുറം ജില്ലയിലേക്ക് കൂടുതല്‍ കൊവിഡ് വാക്സിന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി ജില്ലയിലേക്ക് കൊവിഡ് വാക്സിൻ അനുവദിക്കണമെന്നാവശ്യപെട്ട് ജനപ്രതിനിധികള്‍ സര്‍ക്കാരിനെ സമീപിച്ചു.

മറ്റു ജില്ലകളെ അപേക്ഷിച്ച് കൊവിഡ് വാക്സിൻ എടുത്തവരുടെ എണ്ണത്തില്‍ ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ല ഇപ്പോള്‍ തന്നെ പിറകിലാണ്. വാക്സിൻ ലഭ്യത കുറവാണ് ഇതിനുകാരണമായി ആരോഗ്യവകുപ്പ് പറയുന്നത്.

അമ്പതു ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറത്ത് 6.7 ലക്ഷം പേര്‍ക്കാണ് രണ്ട് ഡോസ് ഇതുവരെ നല്‍കിയിട്ടുള്ളത്. അതായത് 13 ശതമാനം മാത്രം. മറ്റ് പല ജില്ലകളിലും ഇത് മുപ്പതു ശതമാനത്തിനു മുകളിലാണ്. ജനസംഖ്യാ അടിസ്ഥാനത്തില്‍ പരിഗണന കിട്ടിയാല്‍ മലപ്പുറത്തേക്ക് കുടുതല്‍ വാക്സിന് അര്‍ഹതയുണ്ടെന്നാണ് ജനപ്രതിനിധികളുടെ വാദം.

ആരോഗ്യ പ്രവര്‍ത്തകരിലും രണ്ടു ഡോസ് വാക്സിനെടുത്തവരുടെ കണക്കില്‍ മലപ്പുറം ജില്ല പിറകില്‍ തന്നെയാണ്. ജില്ലയില്‍ 73 വാക്സിൻ കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. ഇതിന്‍റെ കണക്കിലും മലപ്പുറം പിന്നില്‍ തന്നെയാണ്.

മലപ്പുറത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെങ്കില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കണമെന്നാണ്  ജനപ്രതിനിധികളുടെ ആവശ്യം.

By Divya