Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

കൊവിഡ് 19 വാക്സിനുകളുടെ ഉത്പാദനം വലിയ തോതില്‍ ഇന്ത്യ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ രണ്‍ദീപ് ഗുലേറിയ. വിദേശത്ത് നിന്ന് ഡോസുകള്‍ വാങ്ങുന്നതിനുള്ള സമഗ്രമായ നീക്കവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ ജൂലൈ അവസാനത്തോടെ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി ഇന്ത്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര വാക്‌സിനുകള്‍ വാങ്ങുകയും ചെയ്യേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

വാക്സിന്‍ സംഭരണത്തിന് സമഗ്രമായ പരിഹാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങള്‍ വാക്‌സിന് വേണ്ടി അന്താരാഷ്ട്ര നിര്‍മ്മാതാക്കളെ സമീപിക്കുകയും നിര്‍മ്മാതാക്കള്‍ വാക്‌സിന്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗുലേറിയ പ്രതികരണം നടത്തിയത്.

അതേസമയം, അടുത്ത വര്‍ഷം ഇന്ത്യയില്‍ സിംഗിള്‍ ഡോസ് കൊവിഡ് -19 വാക്സിന്‍ വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വാക്സിന്‍ നിര്‍മ്മതാക്കളായ മോഡേണ അറിയിച്ചത്. മറ്റ് ഇന്ത്യന്‍ കമ്പനികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

യു എസ് കമ്പനിയായ ഫൈസര്‍ 2021 ല്‍ തന്നെ 5 കോടി ഷോട്ടുകള്‍ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. എന്നാല്‍ നഷ്ടപരിഹാരമുള്‍പ്പെടെയുള്ള കാര്യമായ നിയന്ത്രണ ഇളവുകള്‍ ഇതിന് ആവശ്യമാണെന്നും ഫൈസറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

രാജ്യത്ത് ഉപയോഗാനുമതി തേടി ഫൈസര്‍ ആദ്യം അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഇന്ത്യന്‍ കമ്പനികളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്ത് വാക്സിന്‍ ഉപയോഗത്തിന് അപേക്ഷ നല്‍കുന്നതിനു മുന്‍പു തന്നെ അടിയന്തരാനുമതി തേടി ഫൈസര്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അപേക്ഷ പരിഗണിക്കുന്നത് നീട്ടുകയായിരുന്നു. തദ്ദേശീയ വാക്സിനുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് വാക്സീനുകളാണ് തങ്ങളുടേതെന്നു പ്രഖ്യാപിച്ചു. ഇതോടെ ഫൈസര്‍ അപേക്ഷ പിന്‍വലിച്ചു.

By Divya