Wed. Nov 6th, 2024
അബുദാബി:

സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമത്തെ യുഎഇ അപലപിച്ചു.  അന്താരാഷ്‍ട്ര ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഹൂതികള്‍ യാതൊരു വിലയും കല്‍പിക്കുന്നില്ലെന്നാണ് നിരന്തരമുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിലൂടെ തെളിയുന്നതെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

സൗദി അറേബ്യയിലെ നിര്‍ണായക കേന്ദ്രങ്ങളെയും സാധാരണ ജനങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്‍ട്ര സമൂഹം അടിയന്തരമായി ശക്തമായ നടപടികള്‍ സ്വീകരിക്കണം. മേഖലയുടെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനാണ് ഹൂതികള്‍ ശ്രമിക്കുന്നതെന്നും യുഎഇ ആരോപിച്ചു.

ഭീകരാക്രമണങ്ങള്‍ക്കെതിരെ സൗദി അറേബ്യയ്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച യുഎഇ, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താന്‍ സൗദി അധികൃതര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്‍ച ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

By Divya