Wed. Nov 6th, 2024
അയ്യപ്പൻകോവിൽ:

ഇടുക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് വിജിലൻസ് അന്വേഷിക്കും. NREGA ബ്ലോക്ക് പ്രോഗ്രാം ഓഫീസറുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് ജില്ലാ കളക്ടറുടെ നടപടി. പ്രാഥമിക അന്വേഷണത്തിൽ തന്നെ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും ജില്ലാ ഭരണകൂടം നടപടി തുടങ്ങി.

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ സിറ്റിസണ് ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിച്ചതിൽ ലക്ഷങ്ങളുടെ ക്രമക്കേടാണ് നടന്നത്. ആയിരം രൂപ പോലും വരാത്ത ഇത്തരം ബോർഡിന് 3000 രൂപ വച്ചാണ് ഉദ്യോഗസ്ഥർ എഴുതിയെടുത്തത്.

കൂടാതെ ഇല്ലാത്ത ബോർഡുകളുടെ പേരിലും പണം തട്ടി. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കളക്ടറുടെ നിർദ്ദേശപ്രകാരം ബ്ലോക്ക് പ്രോഗ്രാം ഓഫീസറാണ് സംഭവം ആദ്യം അന്വേഷിച്ചത്. എന്നാൽ കുറ്റക്കാരെ വെള്ളപൂശുന്നതാണ് ബിപിഒയുടെ റിപ്പോർട്ട്.

ക്രമക്കേട് നടത്തിയ രണ്ട് അക്കൌണ്ടന്റുമാരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടാനും ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ഇതിനായി ഗ്രാമവികസന കമ്മീഷണറുടെ അനുമതി തേടിയിട്ടുണ്ട്. വിജിലൻസ് റിപ്പോർട്ട് അനുസരിച്ച് കൂടുതൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടർ പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തിൽ ആറ് പേർ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇവരെയെല്ലാം അന്വേഷണവിധേയമായി കളക്ടർ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

By Divya