Mon. Dec 23rd, 2024
ന്യൂഡൽഹി:

അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിച്ചാൽ പതഞ്ജലി ഉടമ ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഐഎംഎ ഭാരവാഹി ഡോ ജെ എ ജയലാൽ ആണ് ഇക്കാര്യം അറിയിച്ചത്. അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നുമുള്ള പരാമർശമാണ് ബാബ രാംദേവ് നടത്തിയത്.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ഐഎംഎ 1000 കോടിയുടെ മാനനഷ്ട നോട്ടീസ് രാംദേവിനെതിരെ അയച്ചിരുന്നു. 15 ദിവസത്തിനുള്ളിൽ വിവാദ പരാമർശം രേഖാമൂലം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 1000 കോടിയുടെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. വാക്‌സിനേഷനെതിരെ അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തുന്ന രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

എന്നാൽ, അലോപ്പതി വിരുദ്ധ പ്രസ്താവനയിൽ പരസ്യ വെല്ലുവിളിയുമായി ബാബ രാംദേവ് രംഗത്തെത്തിയിരുന്നു. നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് രാംദേവ് പറഞ്ഞു.

By Divya