Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയും അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെയും അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. വികസനം എന്ന പേരില്‍ നടത്തുന്ന നടപടികളെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ലക്ഷദ്വീപില്‍ വികസനം വരുന്നു! ഇവിടെയുമിതാ വീണ്ടും അച്ഛേ ദിന്‍ വരുന്നു,’ എന്ന കുറിപ്പിനൊപ്പമാണ് കാര്‍ട്ടൂണ്‍ പങ്കുവെച്ചിരിക്കുന്നത്.

തെങ്ങിന് കാവി പെയിന്റടിക്കുന്ന പ്രഫുല്‍ പട്ടേലിനോട് ‘എന്റെ വീട്’ എന്ന് കരയുന്ന ലക്ഷദ്വീപുകാരന്റെ കാര്‍ട്ടൂണ്‍ ആണ് ഭൂഷണ്‍ പങ്കുവെച്ചിരിക്കുന്നത്. ലക്ഷദ്വീപുകാരനോട് ഞങ്ങള്‍ ഇത് ഭംഗിയാക്കുകയാണെന്നാണ് പ്രഫുല്‍ പട്ടേല്‍ പറയുന്നത്. ചിത്രത്തില്‍ ലക്ഷദ്വീപില്‍ നടപ്പാക്കിയ ഗുണ്ടാ ആക്ട്, ഫാം അടച്ചു പൂട്ടിയ നടപടി, ഹിന്ദു രാഷ്ട്രം എന്നിവയെല്ലാം സൂചിപ്പിക്കുന്നുണ്ട്.

അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുമ്പോഴും ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍. അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ലക്ഷദ്വീപ് കളക്ടര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ എസ് അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

By Divya