Mon. Dec 23rd, 2024
മലപ്പുറം:

ട്രിപ്പിൾ ലോക് ഡൗൺ തുടരുന്ന മലപ്പുറത്ത് കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നു. 4,751 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിലെത്തി.

ചൊവ്വാഴ്ച ഇത് 26.57 ശതമാനമായിരുന്നു. ഹോം ക്വാറന്‍റീന് ജില്ലാ ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും ഡിസിസി, സിഎഫ്എല്‍ടിസി കേന്ദ്രങ്ങളില്‍ കഴിയണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.

ട്രിപ്പിൾ ലോക്ഡൗണിൽ ഇന്നലെ മുതൽ ചെറിയ ഇളവുകൾ ജില്ലാ കലക്ടർ അനുവദിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ വിൽപന നടത്തുന്ന കടകൾക്കും, വളം, കീടനാശിനി, റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

പാലക്കാട് കൊവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അവലോകനയോഗം ചേരും. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ തുടരുകയാണ്.

ഏഴിൽ കൂടുതൽ അംഗങ്ങൾ ഉള്ള വീട്ടിലെ ഒരാൾ കൊവിഡ് ബാധിതനായാൽ നിർബന്ധമായും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ അല്ലെങ്കിൽ ഡൊമിസിലറി കെയർ സെന്ററിൽ പ്രവേശിക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശം.

By Divya