അമൃത്സർ:
പഞ്ചാബിൽ ഇതുവരെ 158 ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കൊവിഡ് സ്ഥിരീകരിച്ചത് 126 പേർക്ക് മാത്രവും. കൊവിഡ് സ്ഥിരീകരിക്കാത്ത 32 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതോടെ സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന നിഗമനത്തിൽ ഡോക്ടർമാർ.
കൊവിഡ് ബാധയെ തുടർന്നല്ല ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുന്നത്. സ്റ്റിറോയിഡ് അമിതമായി ഉപയോഗിക്കുന്നതാണ് ഇതിൻറെ കാരണമെന്നും ഡോക്ടർമാർ പറയുന്നു.
ഫംഗസ് സ്ഥിരീകരിച്ച 32 പേരും വിവിധ അസുഖങ്ങൾക്കായി സ്റ്റിറോയിഡ് ഉപയോഗിച്ച് പോന്നിരുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞ ഇത്തരക്കാരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കാണുന്നതെന്നും പഞ്ചാബ് നോഡൽ ഒാഫിസർ ഡോ ഗഗൻദീപ് സിങ് പറഞ്ഞു. ‘ബ്ലാക്ക് ഫംഗസ് ഒരു പകർച്ചവ്യാധിയല്ല. നേരത്തേ സ്ഥിരീകരിക്കകയും ചികിത്സ ആരംഭിക്കുകയും ചെയ്താൽ ഇത് ഭേദമാക്കാൻ സാധിക്കും. അമിതമായി സ്റ്റിറോയിഡ് ഉപയോഗിക്കുന്നവർക്ക് ബ്ലാക്ക് ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടും’ -അദ്ദേഹം പറഞ്ഞു.
‘സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമാണ് ഇതിന് കാരണം. ഡോക്ടർമാർക്ക് സ്റ്റിറോയിഡിന് പകരം മറ്റു മരുന്നുകൾ ഉപയോഗിക്കാൻ നിർദേശം നൽകി. മറ്റു മരുന്നുകൾ ഉപയോഗിച്ച് ചികിത്സ രീതി തീരുമാനിക്കണം’ -ഡോ കെ കെ തൽവാർ പറഞ്ഞു.
മേയ് 19ന് പഞ്ചാബ് സർക്കാർ പകർച്ചവ്യാധി നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ഫംഗസ് ബാധ തടയാനുള്ള അവശ്യമരുന്നുകൾ ലഭ്യമാക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിങ് നിർദേശം നൽകുകയും ചെയ്തു.