Mon. Dec 23rd, 2024
കൊച്ചി:

ലക്ഷദ്വീപ് വിഷയത്തില്‍ തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും.

ജനകീയ പ്രതിഷേധങ്ങള്‍ അവഗണിച്ച് ലക്ഷദ്വീപില്‍ വിവാദ നടപടികളുമായി അഡ്മനിസ്‌ട്രേഷന്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരുന്നത്. വൈകിട്ട് നാലിന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും.

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതുഅഭിപ്രായം. പല വകുപ്പുകളില്‍ നിന്നും നിരവധി താല്‍ക്കാലിക ജീവനക്കാരെ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ പിരിച്ചുവിട്ടിരുന്നു.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

By Divya