Fri. Apr 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതും ഓൺലൈനിലെ അധ്യയനം തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമ തീരുമാനങ്ങൾ ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷാകാര്യത്തിലും ഇന്ന് അന്തിമ തീരുമാനം വരാൻ സാധ്യതയുണ്ട്.

പ്ലസ്ടു ക്ലാസുകൾ ജൂൺ 1 മുതൽ തന്നെ തുടങ്ങാനാണ് ഇപ്പോഴത്തെ നീക്കം. ജൂൺ ഒന്നിന് പ്രവേശനോത്സവം ഓൺലൈനായി നടത്തും. അതേസമയം പത്തോ പന്ത്രണ്ടോ കുട്ടികളെ വച്ച് സൂചനാത്മകമായി പ്രവേശനോത്സവം നടത്തി അത് വിക്ടേഴ്സ് ചാനലിലൂടെ പ്രദ‍ർശിപ്പിക്കാനും ആലോചനയുണ്ട്.

വിക്ടേഴ്സ് ചാനൽ വഴിയുളള ക്ലാസുകളും ഒന്നാം തീയതി തന്നെ തുടങ്ങും. ക്ലാസിന് ശേഷം ഗൂഗിൾ മീറ്റ് പോലുളള ഓൺലൈൻ പ്ലാറ്റ്ഫോം വഴി സ്കൂൾതലത്തിൽ അധ്യാപകർക്കും കുട്ടികൾക്കും സംവദിക്കാവുന്ന രീതിയിലുളള ക്ലാസുകളും ആലോചിക്കുന്നുണ്ട്. പ്ലസ്‍വൺ പരീക്ഷ നടത്തണമെന്നും വേണ്ടെന്നും ആവശ്യമുയരുന്നുണ്ട്.

പ്ലസ്ടുപരീക്ഷയ്ക്കൊപ്പം പ്ലസ് വണ്ണിലെ ചില ഭാഗങ്ങൾ കൂടി ചേർത്ത് നടത്തണമെന്നും ആലോചനയുണ്ട്. രാവിലെ പതിനൊന്നരയ്ക്കാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താ സമ്മേളനം.

By Divya