Wed. May 8th, 2024
ന്യൂഡൽഹി:

കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കിയേക്കും. വെള്ളിയാഴ്‌ച നടക്കുന്ന ജിഎസ്‌ടി കൗൺസിൽ യോഗമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കാനുള്ള നിർദേശത്തെ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന് തുടർച്ചയായാണ് കേന്ദ്രസർക്കാർ പ്രസ്തുത നിർദേശത്തെ അംഗീകരിക്കാൻ തീരുമാനിച്ചത്. നികുതി നിരക്ക് പൂർണ്ണമായി ഉപേക്ഷിക്കുക അല്ലെങ്കിൽ 0.1 ശതമാനമായി കുറയ്‌ക്കുക ഈ രണ്ട് നിർദേശങ്ങളാണ് ധനമന്ത്രാലയത്തിന്റെ പരിഗണനയിൽ.

രണ്ട് നിർദ്ദേശങ്ങളിലെയും ഗുണദോഷ ഫലങ്ങൾ വെള്ളിയാഴ്‌ച ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ധനകാര്യ മന്ത്രാലയം അവതരിപ്പിക്കും. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മറ്റ് സാധനങ്ങളുടെ നികുതിയിൽ ഇളവ് വരുത്തണമെന്ന ആവശ്യവും യോഗം ചർച്ച ചെയ്‌ത്‌ തീരുമാനിക്കും.

സ്വന്തമായി വാക്‌സിൻ വാങ്ങേണ്ടി വരുന്നത് പല സംസ്‌ഥാനങ്ങളിലെയും സാമ്പത്തിക സ്‌ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത് മറികടക്കുവാൻ ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക, തെലങ്കാന, ഒറീസ എന്നീ സംസ്‌ഥാനങ്ങൾ തങ്ങളുടെ മൂലധന ചെലവുകൾ വെട്ടിക്കുറയ്‌ക്കുമെന്ന് അറിയിച്ചു.

മൂലധന ചെലവുകൾ വലിയ തോതിൽ വെട്ടിക്കുറയ്‌ക്കുന്നത് ഗുണം ചെയ്യില്ലെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം നിർണായകമായിരിക്കും.

By Divya