Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്ത് ഉപയോഗാനുമതി തേടി ആദ്യം അപേക്ഷ നൽകിയ ഫൈസറിനെ അവഗണിച്ചതു ഇന്ത്യയ്ക്ക് വിനയാകുന്നു. രാജ്യം കടുത്ത വാക്സീൻ ക്ഷാമം നേരിടവെ, ഫൈസറും മൊഡേണയും ഉൾപ്പെടെയുള്ള വിദേശ വാക്സീനുകൾ ലഭ്യമാക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണു കേന്ദ്രം. കുത്തിവയ്പു തുടങ്ങും മുൻപ് വാക്സീൻ ലഭ്യത ഉറപ്പുവരുത്താനുള്ള ഇന്ത്യൻ ശ്രമം പാളിയതിന്റെ സൂചന കൂടിയായി ഇതു വ്യാഖ്യാനിക്കപ്പെടുന്നു.

വാക്സീൻ ലഭ്യമാക്കാൻ മറ്റ് രാജ്യങ്ങൾ വളരെ നേരത്തെ നടപടികൾ നീക്കിയിട്ടും ഇന്ത്യ ഇക്കാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ലെന്നു സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. ഗഗൻദീപ് കാങ് വിമർശിച്ചിരുന്നു.

ലോകത്ത് ലഭ്യമായതിൽ ഏറ്റവും ഫലപ്രാപ്തിയുള്ള വാക്സീനുകളാണ് ഫൈസറും (95%) മൊഡേണയും (94.1%). ഇവ സൂക്ഷിക്കാൻ മെച്ചപ്പെട്ട ശീതീകരണ സംവിധാനം വേണമെന്നതായിരുന്നു ഇന്ത്യയ്ക്കു മുന്നിലെ വെല്ലുവിളി.

ഇന്ത്യൻ കമ്പനികളായ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും അപേക്ഷ നൽകുന്നതിനു മുൻപു തന്നെ അടിയന്തരാനുമതി തേടി ഫൈസർ അപേക്ഷ നൽകിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഡ്രഗ്സ് കൺട്രോളർ ജനറൽ നടപടി നീട്ടിക്കൊണ്ടുപോയി.

പൂർണവിവരങ്ങളില്ലാതെ തന്നെ തദ്ദേശീയ വാക്സീനുകൾക്ക് അനുമതി നൽകുകയും ചെയ്തു. ആത്മനിർഭർ ഭാരത് വാക്സീനുകളാണ് തങ്ങളുടേതെന്നു പ്രഖ്യാപിച്ചു. ഇതോടെ ഫൈസർ അപേക്ഷ പിൻവലിച്ചു.

കൊവിഡ് രണ്ടാംതരംഗം ആഞ്ഞുവീശിയതോടെ കേന്ദ്രം പ്രതിസന്ധിയിലായി. പ്രത്യേക അനുമതി പോലുമില്ലാതെ വിദേശ വാക്സീനുകൾ സ്വീകരിക്കാമെന്നായി. എന്നിട്ടും ഫൈസർ അനങ്ങിയില്ല.

വാക്സീനില്ലാതെ സംസ്ഥാനങ്ങൾ നേരിട്ടു ഫൈസറിനെ സമീപിച്ചതു കേന്ദ്രത്തിന് ഇരട്ടി പ്രഹരമായി. കേന്ദ്രം വഴിയാണെങ്കിൽ മാത്രം വാക്സീൻ എന്ന കടുംപിടിത്തത്തിലേക്ക് ഫൈസറും എത്തി. ഇതോടെയാണ് ചർച്ച നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചത്.

By Divya