ഹരിയാന:
ഹരിയാനയിൽ ഒരു ലക്ഷം പതഞ്ജലി കൊറോണിൽ കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനം. സംസ്ഥാന ആരോഗ്യമന്ത്രി അനിൽ വിജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗജന്യമായാണ് കിറ്റുകൾ വിതരണം ചെയ്യുക.
കിറ്റുകളുടെ വില ഹരിയാന സർക്കാരും പതഞ്ജലിയും ചേർന്ന് വഹിക്കും. ബാബാ രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ കിറ്റിന് കൊവിഡിനെതിരായ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കുമെന്നാണ് അവകാശവാദം.
അതേസമയം, കൊവിഡ് വാക്സിൻ എന്ന അവകാശവാദവുമായി പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ, മഹാരാഷ്ട്രയിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചിരുന്നു. അത്തരത്തിൽ ഒരു വാക്സിൻ ധൃതി പിടിച്ച്, രണ്ട് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ പുറത്തിറക്കിയത് വളരെ സങ്കടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൊറോണിൽ കൊവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപയാണ് പിഴ ഈടാക്കിയിരുന്നു. മരുന്നിന് കൊറോണിൽ എന്ന പേര് ഉപയോഗിക്കുന്നതും കോടതി വിലക്കി.
കൊറോണിൽ, സ്വസാരി എന്നിവ ഉൾപ്പെടെയുള്ള മൂന്ന് മരുന്നുകൾ അടങ്ങിയതാണ് കൊറോണ കിറ്റ്. 30 ദിവസത്തേക്കുള്ള കിറ്റാണ് ലഭിക്കുക