Thu. Apr 25th, 2024
കൊച്ചി:

ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായെത്തിയതിന് പിന്നാലെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേരളവും ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾക്ക് പിന്നിൽ അണിനിരക്കുകയാണ്. വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

ഇതിനായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സർക്കാർ തിരിച്ചുവിളിക്കണമെന്ന് പാർലമെന്‍റിലടക്കം ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയടക്കമുള്ളവ‍ർ പ്രതികരിച്ച് രംഗത്ത്: ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ആരംഭിച്ച ക്യാമ്പെയിനുകൾ കേരളത്തിലെ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ ഏറ്റെടുത്തതോടെ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അതീവഗൗരവം ഉള്ളവയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്.

ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളതെന്നും അത്തരം നീക്കങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘനാളത്തെ ബന്ധമാണ് ഉള്ളത്. ദ്വീപ് നിവാസികളും നമ്മളും പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.

വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം നമുക്ക് വളരെ ദൃഢമായ ബന്ധമാണ്. അത് തകർക്കാനുള്ള ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്.  സങ്കുചിത താത്പര്യങ്ങള്‍ക്ക് വഴങ്ങികൊണ്ടാണ് അത്തരം നിലപാടുകള്‍.

അത് തീര്‍ത്തും അപലപനീയമാണെന്നും ഇത്തരം പ്രതിലോമകരമായ നീക്കങ്ങളിൽ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവർ പിന്മാറണണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

By Divya