Thu. Apr 25th, 2024
ന്യൂഡൽഹി:

കാര്‍ഷിക നിയമത്തിനെതിരെ മേയ് 26 ന് കര്‍ഷകര്‍ പ്രഖ്യാപിച്ച കരിദിനത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികള്‍. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമടക്കം 12 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക നിയമത്തിനെതിരെ ആറ് മാസമായി സമരത്തിലാണ് കര്‍ഷകര്‍. 40 ഓളം കാര്‍ഷിക യൂണിയനുകളുടെ നേതൃത്വത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് സമരരംഗത്തുള്ളത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പ്രസ്താവനയിറക്കിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പിന്തുണ അറിയിച്ച് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ച മുഖ്യമന്ത്രിമാര്‍.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ച മറ്റ് നേതാക്കള്‍.

കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്താകെ മോദി സര്‍ക്കാരിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞിട്ടുണ്ട്.

ഒരു ഇടവേളക്ക് ശേഷമാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക സമരപരിപാടികള്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിക്കുന്നത്.

പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഗു ഉള്‍പ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും മോദി സര്‍ക്കാരിന്റെ കോലം കത്തിക്കും. ഉച്ചയ്ക്ക് 12 മണിക്കാകും കോലം കത്തിക്കല്‍. കൂടാതെ ട്രാക്ടറുകളിലും വീടുകളിലും കറുത്തകൊടികള്‍ ഉയര്‍ത്തി പ്രതിഷേധിക്കും.

By Divya