Sat. Apr 27th, 2024
തിരുവനന്തപുരം:

വടകരയിൽ നിന്നും നിയമസഭയിലെത്തിയ ആർഎംപി അംഗം കെ കെ രമ സത്യപ്രതിജ്ഞ ചെയ്തത‍് പാർട്ടി സ്ഥാപകനും ഭർത്താവുമായ ടി പി ചന്ദ്രശേഖരന്‍റെ ചിത്രം പതിച്ച ബാഡ്ജുമായി. സാരിയിൽ ടി പിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചാണ് രമ സഭയിലെത്തിയത്. പ്രോ​​ ​ടെം സ്​​പീ​ക്ക​ർ അ​ഡ്വ പിടിഎ റ​ഹീം മു​മ്പാകെ സഗൗരവ പ്രതിജ്ഞയാണ് കെ കെ രമ എടുത്തത്.

നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആർഎംപിയുടെ തീരുമാനം. ജനങ്ങളുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കുമെന്ന് കെ കെ രമ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്.

ദൗത്യം നീതിപൂർവം നിർവഹിക്കും. അംഗസംഖ്യയിലല്ല നിലപാടിലാണ് കാര്യമെന്നും രമ വ്യക്തമാക്കി. നിയമസഭാ സാമാജികത്വം അഭിമാന മുഹൂർത്തമാണ്. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണ്.

തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരും. ടി പിയുടെ മരണശേഷം പിണറായി വിജയനെ നേരിൽ കണ്ടിട്ടില്ല. മുഖ്യമന്ത്രിസ്ഥാനത്തെ ബഹുമാനിക്കുന്നുവെന്നും കെ കെ രമ പറഞ്ഞു.

ആർഎംപി കേന്ദ്ര കമ്മിറ്റിയംഗമായ കെ കെ രമ, കന്നി വിജയം നേടിയാണ് 15ാം കേ​ര​ള നി​യ​മ​സ​ഭ​യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

By Divya