Mon. Dec 23rd, 2024
തമിഴ്നാട്:

തമിഴ്നാട്ടില്‍ കൊവിഡ് മരണങ്ങള്‍ കുതിക്കുന്നു. ഇന്നലെ മാത്രം മരിച്ചതു 448 പേര്‍. ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെന്നൈയില്‍ മരണവും വര്‍ധിച്ചതോടെ ശ്മശാനങ്ങള്‍ നിറഞ്ഞുകവിഞ്ഞു. സംസ്ഥാനത്താകെ ഇതുവരെ മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവു രേഖപെടുത്തുമ്പോഴും മരണനിരക്ക് കുതിക്കുകയാണ്.

തുടര്‍ച്ചയായ മുന്നൂദിവസമായി മരണം നാനൂറിനു മുകളിലാണ്. ഇന്നലെ മാത്രം കൊവിഡിന് കീഴടങ്ങിയത് 448 പേര്‍. ഇതില്‍ 86 പേര്‍ ചെന്നൈയില്‍ നിന്നാണ്.

വൈദ്യസഹായം ലഭിക്കാന്‍ വൈകുന്നതാണു ജീവനെടുക്കുന്നത്. ഭൂരിപക്ഷം പേരും സ്വയം ചികില്‍സ പരാജയപെടുമ്പോഴാണ് ആശുപത്രികളെ സമീപിക്കുന്നത്. വഴിമധ്യേയും ആശുപത്രികളിലെത്തി 24 മണിക്കൂറിനുള്ളിലും മരിക്കുന്നവരുടെ എണ്ണം കൂട്ടുന്നതും ഈസ്വയം ചികില്‍സയാണ്.

വെന്റിലേറ്ററുകളും ഓക്സിജന്‍ കിടക്കളും ലഭിക്കാന്‍ സമയമെടുക്കുന്നത്, സ്ഥിതി വീണ്ടും വഷളാക്കുന്നു.നിലവില്‍ ചെന്നൈയില്‍ മാത്രം 6298 പേര്‍ മരിച്ചു. ജൂണ്‍ ആദ്യആഴ്ചകളിലാണു വ്യാപനം അതിന്റെ പാരമ്യതയിലെത്തുകയെന്നാണ് മുന്നറിയിപ്പ്. ദൈനംദിന കേസുകള്‍ നാല്‍പത്തയ്യായിരം വരെ എത്തും.

മരണവും ഇതിനനുസരിച്ചു കൂടും. ചെന്നൈയില്‍ ഇപ്പോള്‍ തന്നെ ശവസംസ്കാരത്തിനായി ആളുകള്‍ നെട്ടോട്ടം ഓടുകയാണ്. ദൈനംദിന േകസുകളുടെ എണ്ണത്തില്‍ ചെന്നൈയില്‍ നേരിയ കുറവു രേഖപ്പെടുത്തി തുടങ്ങി. വൈറസിന്റെ റീപ്രൊഡക്ഷന്‍ നിരക്ക് 1.4 ല്‍ നിന്ന് 1ലേക്കെത്തുകയും ചെയ്തു.

എന്നാല്‍ മധുര, ഇറോഡ്, തിരുപ്പൂര്‍, തിരുച്ചിറപ്പള്ളി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലെ ഗ്രാമീണ മേഖലകളില്‍ ഓരോദിവസവും റിപ്പോര്‍ട്ടു ചെയ്യുന്നത് ആയിരത്തിലധികം കേസുകളാണ്. കോയമ്പത്തൂരിലും സ്ഥിതി അതീവ ഗുരുതരമാണ്. 32 പേരാണ് ഇന്നലെ മാത്രം കോയമ്പത്തൂരില്‍ മരിച്ചത്.

By Divya