Wed. Jan 22nd, 2025
ന്യൂഡൽഹി:

ഇന്ത്യയിൽ ഇന്ന് രാവിലെ 2,40,842 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി. കഴിഞ്ഞ 24 മണിക്കൂറിൽ 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

മെയ് മാസത്തിൽ ഇതുവരെ 77.67 ലക്ഷം കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. എപ്രിലിൽ 66.13 ലക്ഷം കൊവിഡ് കേസുകളും മാർച്ചിൽ 10.25 ലക്ഷം കൊവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മെയ് മാസത്തിൽ ഇതുവരെ 90,000 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഏപ്രിലിൽ 45,000 മരണങ്ങളും മാർച്ചിൽ 5417 മരണങ്ങളും ഫെബ്രുവരിയിൽ 2777ഉം ജനുവരിയിൽ 5536 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

കൊവിഡ് വ്യാപനത്തിനിടെ പുതിയ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് രോഗവും ഇന്ത്യയിൽ പടരുകയാണ്. ഇതുവരെ 9000 പേർക്കാണ് ഈ രോഗം ഇന്ത്യയിൽ സ്ഥിരീകരിച്ചത്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ നിലവിൽ ഒരു ലക്ഷത്തിലേറെ കൊവിഡ് രോഗികൾ ചികിത്സയിലുണ്ട്.

എട്ട് സംസ്ഥാനങ്ങളിൽ അരലക്ഷത്തിനും ഒരു ലക്ഷത്തിനുമിടയിൽ ആളുകൾ കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുമ്പോൾ മറ്റു ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അരലക്ഷത്തിൽ താഴെ പേർ മാത്രമേ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളൂ.

By Divya