Fri. Mar 29th, 2024
തിരുവനന്തപുരം:

ആരുടെയും വിശ്വാസത്തെ എൽഡിഎഫ് തല്ലിത്തകർക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കും. തുടർകാര്യങ്ങൾ വിശാല ബെഞ്ചിന്‍റെ വിധി വന്ന ശേഷം ആലോചിക്കുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

വിശ്വാസികൾക്ക് അവരുടെ വിശ്വാസം അനുസരിച്ച് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് സർക്കാറിന്‍റെ ലക്ഷ്യം. അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സിപിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ ഏതെങ്കിലും വിശ്വാസങ്ങളെയോ ക്ഷേത്രങ്ങളെയോ മുസ്ലിം പള്ളികളെയോ തകർക്കാൻ വേണ്ടി എപ്പോഴെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്നും കെ രാധാകൃഷ്ണൻ ചോദിച്ചു.

ഇന്ത്യയിൽ 100 വർഷം പിന്നിട്ട കമ്യൂണിസ്റ്റ് പാർട്ടി ഏതെങ്കിലും ആരാധനാലയങ്ങൾ തകർത്തതായി ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ എന്നും ദേവസ്വം മന്ത്രി ചോദിച്ചു. ഓരോ ഘട്ടത്തിലും പല തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാകാറുണ്ട്. പിന്നീട് അത് ഇല്ലാതാകും. ദേവസ്വം ബോർഡ് എന്നാൽ വലിയ ബോംബ് ആണെന്ന രീതിയിൽ ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കായി പുതിയ പദ്ധതികൾ നടപ്പാക്കും. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് കൂടുതൽ പഠന സൗകര്യങ്ങൾ ഒരുക്കും. അവർ പഠിച്ച് വളരട്ടെയെന്നും കെ രാധാകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

By Divya