Mon. Dec 23rd, 2024
തിരുവനന്തപുരം:

ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം വിഭാഗത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ലെന്നും സഭാ നേതൃത്വം പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുവില്‍ ഉള്ള ആലോചനയുടെ ഭാഗമായാണ് ന്യൂനപക്ഷം മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തത് മുസ്‌ലിം ലീഗ് എതിര്‍ത്തിരുന്നല്ലോ എന്ന ചോദ്യത്തിന് മുസ്‌ലിം ലീഗല്ലല്ലോ വകുപ്പ് നിശ്ചയിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

”സാധാരണഗതിയില്‍ ഒരു വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ട് ഏതെങ്കിലും ഒരുകൂട്ടര്‍ക്ക് പ്രത്യേകമായ ആശങ്ക ഒന്നും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവരും അതിനെ സ്വാഗതം ചെയ്യുന്ന നിലയാണ് പൊതുവേ ഉണ്ടായിട്ടുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വകുപ്പ് കെടി ജലീലായിരുന്നു കൈകാര്യം ചെയ്തതെന്നും ഫലപ്രദമായിത്തന്നെയാണ് കാര്യങ്ങള്‍ നീക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

By Divya