ന്യൂഡൽഹി:
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഞായറാഴ്ച അമേരിക്കയിലേക്ക്. ന്യൂയോർക്കിൽ യു എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിനെ കാണുന്നതിനൊപ്പം യുഎസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തും. ഈ മാസം 28 വരെ ജയ്ശങ്കർ അമേരിക്കയിൽ ഉണ്ടാവും.
ഇന്ത്യക്ക് കൂടുതൽ കൊവിഡ് വാക്സിൻ കിട്ടാൻ അമേരിക്കൻ നേതാക്കളുമായി നടത്തുന്ന ചർച്ചയിൽ സമ്മർദം ചെലുത്തും. തുടക്കത്തിൽ വിദേശത്തേക്ക് മോദി സർക്കാർ വാക്സിൻ കയറ്റി അയച്ചശേഷമാണ് ഇപ്പോഴത്തെ ശ്രമങ്ങൾ. അമേരിക്കയുമായി സഹകരിച്ച് ജോൺസൺ ആൻഡ് ജോൺസണിൻറെ വാക്സിൻ ഇന്ത്യയിൽ നിർമിക്കണമെന്ന താല്പര്യവും കേന്ദ്ര സർക്കാറിനുണ്ട്.
അമേരിക്കയിലെ കൊവിഡ് വാക്സിൻ നിർമാതാക്കളുമായി ഇന്ത്യ-അമേരിക്ക ചേംബർ ഓഫ് കോമേഴ്സിൻറെ ആഭിമുഖ്യത്തിൽ പ്രത്യേക ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്. യുഎൻ രക്ഷാസമിതിയിൽ ഇക്കൊല്ലം സ്ഥിരേതര അംഗമായി ഇന്ത്യ ചേരുന്ന പശ്ചാത്തലത്തിലാണ് ഗുട്ടെറസിനെ കാണുന്നത്.