വാഷിംഗ്ടണ്‍:
ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുമെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിനൊപ്പം പലസ്തീന്‍ എന്ന സ്വതന്ത്ര രാഷ്ട്രവും സ്ഥാപിക്കുക എന്നു ദ്വി-രാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്നും ബൈഡന്‍ പറഞ്ഞു.
പലസ്തീനിയന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബാസിനെ പലസ്തീനിയന്‍ ജനതയുടെ നേതാവായി തന്നെ കാണണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞതായും ബൈഡന്‍ അറിയിച്ചു. പലസ്തീനിലെ മറ്റൊരു ഭരണകേന്ദ്രമായ ഹമാസിനെ അമേരിക്ക അംഗീകരിച്ചിട്ടില്ല.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അംഗീകരിച്ച ധാരണ പ്രകാരമുള്ള സഹായങ്ങള്‍ പലസ്തീനിന് നല്‍കണമെന്നും ബൈഡന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
ജറുസലേമില്‍ ജൂതരും പലസ്തീനികളും തമ്മില്‍ നടത്തുന്ന ആഭ്യന്തര കലാപങ്ങള്‍ അവസാനിപ്പിക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ പൗരന്മാരായ അറബ് വംശജരോടും ജൂതരോടും ഒരുപോലെ തന്നെ പെരുമാറണമെന്നും ആരോടെങ്കിലും വിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.