Wed. Jan 22nd, 2025
ചെന്നൈ:

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തയച്ചു. കത്ത് ഡിഎംകെ എംപി ടി ആർ ബാലു വ്യാഴാഴ്ച രാഷ്ട്രപതിക്ക് കൈമാറി. കത്തിന്‍റെ കോപ്പി തമിഴ്‌നാട് സർക്കാർ മാധ്യമങ്ങൾക്ക് നൽകി.

2018ൽ തമിഴ്‌നാട് സർക്കാർ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ച് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയിൽ ഇളവ് ചെയ്യണമെന്നും സ്റ്റാലിൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. എസ് നളിനി, മുരുഗൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നാണ് കത്തിൽ അപേക്ഷിച്ചിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കാനായിരുന്നു തമിഴ്നാട് സർക്കാറിന്‍റെ ശിപാർശ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കാരാഗ്രഹത്തിന്‍റെ യാതന തിന്നു ജീവിക്കുകയാണ് ഏഴുപേരുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര വേദനയും പ്രയാസങ്ങളും ഇവർ അനുഭവിച്ചുകഴിഞ്ഞിട്ടുണ്ട്.

കേസിൽ മാപ്പപേക്ഷിച്ചുള്ള ഇവരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തിൽ കൂടുതൽ കാലതാമസം നേരിടുകയുമാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്കു കുറക്കേണ്ട ആവശ്യം കോടതി തന്നെ അംഗീകരിച്ചതാണെന്നും കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടിലെ ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും മൂന്ന് പതിറ്റാണ്ടുകളായി ജയിലിൽ കഴിയുന്ന ഏഴുപേരുടേയും മോചനം എന്ന ആവശ്യം വിവിധ ഘട്ടങ്ങളിൽ ഉന്നയിച്ചിട്ടുണ്ട്. തമിഴ്നാട് ജനതയുടെ ആഗ്രഹമാണ് ഇവരുടെ മോചനമെന്നും കത്തിൽ പറയുന്നു.

2018ൽ മന്ത്രിസഭ അംഗീകരിച്ച പ്രമേയം 2021ൽ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയായിരുന്നു.

By Divya