Thu. Jan 23rd, 2025
ലഖ്‌നൗ:

യോഗി ആദിത്യ നാഥ് സര്‍ക്കാറിനെ വീണ്ടും വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി.
ഹോം ഐസൊലേഷനില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് എന്തുകൊണ്ട് സര്‍ക്കാര്‍ മരുന്നും ഭക്ഷണവും നല്‍കുന്നില്ലെന്ന് കോടതി ചോദിച്ചു.

18-44 വയസ് പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനുകളുടെ കുറവ് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ നേടാനും കോടതി സംസ്ഥാന അഭിഭാഷകനോട് ആവശ്യപ്പെട്ടു.
അഭിഭാഷകന്‍ എച്ച്പി ഗുപ്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ ജസ്റ്റിസുമാരായ രാജന്‍ റോയ്, സൗരഭ് ലവാനിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

യുപിയിലെ ചെറിയ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ആരോഗ്യസംവിധാനം ദൈവത്തിന്റെ കരുണ കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. സംസ്ഥാനത്തെ ക്വാറന്റീന്‍ സെന്ററുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ക്വാറന്റീന്‍ സെന്ററില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരണപ്പെട്ടപ്പോള്‍ അജ്ഞാത മൃതദേഹം എന്നുപറഞ്ഞ് മൃതദേഹം സംസ്‌കരിച്ച മീററ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.

നഗരത്തിലെ ഒരു മികച്ച ആശുപത്രിയിലെ സ്ഥിതി ഇതാണെങ്കില്‍ യുപിയിലെ ഗ്രാമങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മതസ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കിയ നികുതിനിയമപ്രകാരം ആനൂകുല്യം കൈപ്പറ്റുന്ന വന്‍കിട കമ്പനികള്‍ ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

By Divya