തിരുവനന്തപുരം:
കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് നാല് ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. ആദ്യ ദിനം കാര്യമായ പരാതികളൊന്നുമുണ്ടാകാതെ ജനം സഹകരിക്കുന്ന കാഴ്ചയാണ് പൊതുവെ കണ്ടത്. എറണാകുളത്തും തിരുവനന്തപുരത്തുമടക്കം ആദ്യദിനം രാവിലെ തിരക്കുണ്ടായിരുന്നെങ്കിലും പൊതുവേ സ്ഥിതി മെച്ചപ്പെട്ടതായിരുന്നു.
രണ്ടാംദിനവും രാവിലെ തിരക്കുണ്ടാകാനുള്ള സാഹചര്യമുള്ളതിനാൽ ഇന്ന് പരിശോധന കടുപ്പിക്കാനാണ് പൊലിസിന്‍റെ തീരുമാനം. മതിയായ യാത്രാനുമതിയില്ലാതെ പുറത്തിറങ്ങുന്നവർക്ക് പിഴ ചുമത്തുന്നതുൾപ്പെടെയുളള കർശ്ശന നടപടിയുണ്ടാകും.
അതേസമയം ലോക്ഡൗൺ തുടരുന്ന തൃശ്ശൂർ ജില്ലയിൽ കളക്ടർ ഇന്ന് കൂടുതൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ മത്സ്യ മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവുണ്ടായിരിക്കുന്നതായിരിക്കും. ബുധൻ ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ തുറക്കാം.
ആര്‍ആര്‍ടികള്‍, വാര്‍ഡുതലകമ്മിറ്റി, ഹോം ഡെലിവറി തുടങ്ങിയവ വഴി മാത്രമായിരിക്കും വിതരണം. ദന്താശുപത്രികൾ തുറക്കാം. കന്നുകാലിത്തീറ്റ വിപണന കേന്ദ്രങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതിയുണ്ട്. ആനകൾക്കുള്ള പട്ടകൾ മറ്റുജില്ലകളിൽ നിന്ന് കൊണ്ടുവരാനും അനുമതി നൽകിയിട്ടുണ്ട്.
അതേസമയം എറണാകുളം ജില്ലയിൽ കൊച്ചി സിറ്റി പരിധിയിൽ 1500 പോലീസുകാരെയും റൂറലിൽ 2000 പേരെയുമാണ് വിന്യസിച്ചിട്ടുണ്ട്. വിവിധ സോണുകളായി തിരിച്ച് മറ്റ് ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ് കൂടുതൽ പരിശോധന.
ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങൾ പ്രത്യേകം തയ്യാറാക്കിയ പാതയിലൂടെ കടത്തിവിടുന്നുണ്ട്. നിയമലംഘകരെ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇന്ന് ജില്ലയിലെ പലചരക്ക്, ബേക്കറി, പച്ചക്കറി കടകൾക്ക് തുറന്ന് പ്രവർത്തിക്കാം.
കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കഴിഞ്ഞ ദിവസം 138 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 50 വാഹനങ്ങൾ പിടിച്ചെടുത്തു. ക്വാറന്‍റീനിൽ കഴിയുന്നവർ നിയമലംഘനം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജനമൈത്രി ബീറ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തി.