Sat. Jan 18th, 2025
ഇടുക്കി:

ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വച്ചായിരിക്കും സംസ്കാരം. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്.

നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്. ഇന്നത്തെ പൊതുദർശനത്തിനും പ്രമുഖർ അടക്കം നിരവധി പേർ എത്തിച്ചേരും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലില്‍ നടന്ന ആക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്.

ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു.

2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്‍കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു.

By Divya